മൊറോക്കൻ ഗോൾമെഷീൻ കേരള ബ്ലാസ്റ്റേഴ്സിലേക്കു തന്നെയെന്നുറപ്പിക്കാം, ചർച്ചകൾ അവസാനഘട്ടത്തിൽ | Noah Sadaoui
ഈ ഐഎസ്എൽ സീസണിലും നിരാശയിലേക്ക് വീഴുന്ന കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയെന്നു വ്യക്തമാക്കിയാണ് എഫ്സി ഗോവ താരമായ നോവ സദൂയിയുമായി ചർച്ചകൾ ആരംഭിച്ചത്. ഗോവയുമായുള്ള കരാർ അവസാനിക്കാൻ പോകുന്ന താരത്തിന് അത് പുതുക്കാൻ താൽപര്യമില്ലെന്നതിനാൽ താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ വിജയം കണ്ടു തുടങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊറോക്കൻ താരവുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനൊപ്പം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ ചേരാൻ താരം കരാർ ഒപ്പിട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
🥇💣 Kerala Blasters are in final stage of negotiations with Noah Sadaoui 🇲🇦 @ManoramaDaily #KBFC pic.twitter.com/oo5ROoY700
— KBFC XTRA (@kbfcxtra) March 10, 2024
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മികച്ചൊരു നീക്കമാണ് നോവ സദൂയിയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളായി ഐഎസ്എല്ലിലുള്ള താരം മികച്ച പ്രകടനമാണ് ക്ലബിന് വേണ്ടി നടത്തുന്നത്. ആദ്യത്തെ സീസണിൽ ഐഎസ്എല്ലിൽ പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിലിതു വരെ അഞ്ചു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സാഹചര്യങ്ങളുമായി ഇണങ്ങിയ കളിക്കാരനാണ് നോവയെന്നത് മറ്റൊരു പോസിറ്റിവാണ്. പുതിയ വിദേശതാരങ്ങൾ ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയിലെ കാലാവസ്ഥയും മൈതാനങ്ങളുമായും വളരെ പെട്ടന്ന് പൊരുത്തപ്പെട്ടു തുടങ്ങിയ താരമാണ് നോവ.
കരിയറിൽ നിരവധി ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമായ നോവ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമുകളിലൊന്നാണ് എഫ്സി ഗോവ. മുന്നേറ്റനിരയിൽ ഏതു പൊസിഷനിലും താരത്തെ കളിപ്പിക്കാൻ കഴിയുന്ന താരം മൊറോക്കോ ദേശീയടീമിന് വേണ്ടിയും നാല് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾ നൽകുന്നതാണ്.
Noah Sadaoui Close To Sign With Kerala Blasters