മെസിയെ ‘ലോകചാമ്പ്യൻ’ എന്നു വിളിച്ച് പിഎസ്‌ജി ആരാധകൻ, മനോഹരമായ പ്രതികരണവുമായി അർജന്റീന താരം | Lionel Messi

ലയണൽ മെസിയും പിഎസ്‌ജി ആരാധകരും തമ്മിൽ അത്ര മികച്ച ബന്ധമല്ല ഇപ്പോൾ നിലനിൽക്കുന്നത്. ടീമിനായി മികച്ച പ്രകടനം നടത്തുമ്പോഴും ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിന്റെ പേരിൽ ലയണൽ മെസിക്കെതിരെ മാത്രം പിഎസ്‌ജി തീവ്ര ആരാധകരായ അൾട്രാസ് തിരിഞ്ഞിരുന്നു. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ താരത്തെ ആരാധകർ കൂക്കി വിളിക്കുകയും ചെയ്‌തു.

ലയണൽ മെസിയോടുള്ള അതൃപ്‌തി ഒരു വിഭാഗം ആരാധകർക്ക് മാത്രമാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുൻപുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ലെൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയിരുന്നു. ഈ മത്സരം തുടങ്ങുന്നതിനു മുൻപ് ലയണൽ മെസിയെ ഒരു പിഎസ്‌ജി ആരാധകൻ ‘ലോകചാമ്പ്യൻ’ എന്ന് വിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മത്സരത്തിന് മുൻപ് പിഎസ്‌ജി താരങ്ങൾ പരിശീലനം നടത്തുന്ന സമയത്ത് സൈദ് ലൈനിന്റെ അരികിലുള്ള മെസിയെയാണ് ഒരു ആരാധകൻ ‘ലോകചാമ്പ്യൻ’ എന്നു വിളിച്ചത്. എംബാപ്പെ അടക്കമുള്ള താരങ്ങൾ മെസിക്കൊപ്പമുള്ള സമയത്താണ് ഈ വിളി ആരാധകന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വളരെ സന്തോഷം നിറഞ്ഞൊരു ചിരിയുള്ള മുഖത്തോടെയാണ് മെസി ആരാധകനോട് പ്രതികരിച്ചത്.

പിഎസ്‌ജി ആരാധകരിൽ ഒരു വിഭാഗം മെസിക്കെതിരെ തിരിയാൻ കാരണം ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതാണ്. ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇത് ഫ്രാൻസിലെ ആരാധകർക്ക് വലിയൊരു മുറിവാണ് നൽകിയത്. സ്വാഭാവികമായും അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസിയോട് അവർക്ക് അസ്വാരസ്യമുണ്ട്.

എന്നാൽ ഫ്രാൻസിലെ എല്ലാ ആരാധകർക്കും മെസിയോട് അതൃപ്‌തിയില്ലെന്ന് കഴിഞ്ഞ ദിവസം ആരാധകൻ നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്. ലയണൽ മെസിയെ സംബന്ധിച്ച് ഒരു സ്വപ്‌നമായിരുന്നു ലോകകപ്പ് നേടുകയെന്നത്. ഖത്തറിൽ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ താരം അത് നേടി. അതുമായി ബന്ധപ്പെട്ട് തനിക്ക് ആരാധകനിൽ നിന്നും കിട്ടിയ അംഗീകാരം മെസിക്ക് വളരെയധികം സന്തോഷം നൽകുകയും ചെയ്‌തുവെന്ന്‌ ആ പ്രതികരണം വ്യക്തമാക്കുന്നു.

Content Highlights: PSG Fan Called Lionel Messi World Champion