പിഎസ്‌ജിയിൽ വീണ്ടും അപമാനിതനായി ലയണൽ മെസി | Lionel Messi

ഇന്റർനാഷണൽ ബ്രെക്കിനു ശേഷം നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി പിഎസ്‌ജി. ലിയോണാണ് ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്‌ജിക്കെതിരെ വിജയം നേടിയത്. ലയണൽ മെസി, കിലിയൻ എംബാപ്പെ തുടങ്ങി പ്രധാന താരങ്ങളിൽ പലരും അണിനിരന്ന മത്സരത്തിൽ അൻപത്തിയാറാം മിനുട്ടിൽ ബ്രാഡ്‌ലി ബാർകോള നേടിയ ഗോളിലാണ് ലിയോൺ വിജയം കുറിച്ചത്.

തോൽവിയുടെ നിരാശക്ക് പുറമെ ലയണൽ മെസിയെ ഒരിക്കൽക്കൂടി പിഎസ്‌ജി ആരാധകർ അപമാനിക്കുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. മത്സരത്തിന് മുൻപ് പിഎസ്‌ജിയുടെ ആദ്യ ഇലവൻ പ്രഖ്യാപിക്കുമ്പോൾ ലയണൽ മെസിയുടെ പേര് പറഞ്ഞപ്പോൾ പിഎസ്‌ജിയുടെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകർ കൂക്കിവിളികളോടെയാണ് അതിനെ സ്വീകരിച്ചത്.

ഇതാദ്യമായല്ല ലയണൽ മെസിയെ പിഎസ്‌ജി ആരാധകർ കൂക്കി വിളിക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന കഴിഞ്ഞ മത്സരത്തിലും മെസിയുടെ പേര് സ്റ്റേഡിയത്തിൽ അന്നൗൻസ് ചെയ്‌തപ്പോൾ ആരാധകർ കൂക്കി വിളിച്ചിരുന്നു. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതാണ് മെസിക്കെതിരെ ആരാധകർ തിരിയാൻ കാരണമായത്.

ലയണൽ മെസിക്കെതിരെ ആരാധകർ തിരിയാൻ കാരണം പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയത് മാത്രമല്ല. ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന കിരീടം നേടിയത്. അതിന്റെ രോഷവും ഫ്രാൻസിലെ ആരാധകർക്കുണ്ട്. അതു കൂടിയാണ് പിഎസ്‌ജിയുടെ മത്സരങ്ങൾക്ക് മുൻപ് മെസിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ തെളിഞ്ഞു കാണുന്നത്.

ആരാധകരുടെ പ്രതിഷേധം ലയണൽ മെസി പിഎസ്‌ജി വിടുമെന്ന തീരുമാനം ഒന്നുകൂടി ഉറപ്പിക്കാൻ കാരണമാകാൻ എല്ലാ സാധ്യതയുമുണ്ട്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അതു പുതുക്കാൻ തയ്യാറായിട്ടില്ല. മെസി ഈ സീസണു ശേഷം ബാഴ്‌സയിലേക്ക് തിരിച്ചു പോകുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാണ്.

Content Highlights: Lionel Messi Booed By PSG Fans Again