മെസിയിനി കളിക്കേണ്ടി വരിക കൂക്കിവിളികൾക്ക് നടുവിൽ? താരത്തിനെതിരെ തിരിഞ്ഞ് പിഎസ്‌ജി ആരാധകർ

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് ക്ലബ് ഫുട്ബോളിൽ തിരിച്ചടികൾ മാത്രമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ സീസണിൽ ശരാശരി പ്രകടനം മാത്രം നടത്തിയ മെസിക്ക് ഈ സീസണിൽ മികവ് കാണിക്കാൻ കഴിഞ്ഞെങ്കിലും ടീമിന്റെ ലക്‌ഷ്യം കൈവരിക്കാൻ ഒരിക്കൽക്കൂടി അർജന്റീന താരം പരാജയപ്പെട്ടതാണ് വലിയ നിരാശ സമ്മാനിക്കുന്നത്.

കഴിഞ്ഞ സീസണിൽ ലീഗ് മാത്രം നേടിയ പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പുറത്തു പോയിരുന്നു. ഈ സീസണിലും സമാനമായ സാഹചര്യമാണ് പിഎസ്‌ജിക്ക് നേരിടേണ്ടി വന്നത്. ബയേൺ മ്യൂണിക്കിനോട് പൊരുതാൻ പോലുമാകാതെ രണ്ടു ലെഗ്ഗിലും പിഎസ്‌ജി തോൽവി വഴങ്ങിയതോടെ ടീമിൽ സൂപ്പർതാരങ്ങളെ കുത്തിനിറച്ചതു കൊണ്ട് കിരീടങ്ങൾ നേടാൻ കഴിയില്ലെന്ന് ആരാധകർക്ക് മനസിലായി തുടങ്ങി.

ഈ രണ്ടു സീസണുകളിലെ തോൽവിക്ക് ടീമിനെ കൃത്യമായി ഒരുക്കാത്ത ക്ലബ് നേതൃത്വം വരെ കാരണമാണെങ്കിലും കുറ്റം മുഴുവൻ മെസിയുടെ ചുമലിലേക്ക് വരുന്നതാണ് ഇപ്പോൾ കാണുന്നത്. പിഎസ്‌ജി ആരാധകർ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ മെസിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. വാങ്ങുന്ന പ്രതിഫലത്തിന് തുല്യമായ പ്രകടനം മെസി കാഴ്‌ച വെക്കുന്നില്ലെന്നും താരത്തിനെതിരെ മത്സരങ്ങളിൽ പ്രതിഷേധം നടത്തുമെന്നും പിഎസ്‌ജി അൾട്രാസ് പറഞ്ഞതായി മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ട് ചെയ്യുന്നു.

ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്റീന തോൽപ്പിച്ചത് ഫ്രാൻസിനെയാണ്. അതുകൊണ്ടു തന്നെ ഫ്രാൻസിലെ ആരാധകർക്ക് മെസിയോട് അകൽച്ചയുണ്ട്. അതുകൊണ്ടാണ് ലോകകപ്പ് നേടിയ ലയണൽ മെസിക്ക് പാർക് ഡി പ്രിൻസസിൽ ഒരു സ്വീകരണം നൽകാൻ പോലും പിഎസ്‌ജി തയ്യാറാകാതിരുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് ചാമ്പ്യൻസ് ലീഗ് തോൽ‌വിയിൽ ലയണൽ മെസിക്കെതിരെ പിഎസ്‌ജി അൾട്രാസ് തിരിഞ്ഞതെന്നു വേണം കരുതാൻ. ആരാധകർ എതിരായാൽ മെസി ക്ലബ് വിടാനുള്ള സാധ്യതയും വർധിക്കും.