തെറ്റു പറ്റിയെന്നു സമ്മതിച്ച് പിഎസ്ജി, ഗാൾട്ടിയർക്ക് പകരക്കാരനായി മുൻ പരിശീലകൻ വരും
ലില്ലെയെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ക്രിസ്റ്റഫെ ഗാൾട്ടിയാർ പിഎസ്ജി പരിശീലകനായി വരുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ അദ്ദേഹത്തിനു കീഴിൽ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഇപ്പോൾ പിഎസ്ജി മോശം ഫോമിലാണ്. ഇതിനു പുറമെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർക്കും ചില താരങ്ങൾക്കും നേതൃത്വത്തിലുള്ള പലർക്കും അദ്ദേഹം അനഭിമതനായി മാറിയിട്ടുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിഎസ്ജി ടീമിൽ ഗാൾട്ടിയറുടെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നു തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാൾട്ടിയർ പുറത്തു പോയാൽ പകരക്കാരനായി ആരാണ് വരികയെന്ന കാര്യത്തിലും ക്ലബ് തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം മുൻ പരിശീലകനായ തോമസ് ടുഷെലിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പിഎസ്ജി നടത്തുന്നത്.
2018 മുതൽ 2020 വരെ പിഎസ്ജി പരിശീലകനായിരുന്ന ടുഷെലിനു കീഴിൽ രണ്ടു ലീഗടക്കം ആറു കിരീടങ്ങൾ നേടിയ പിഎസ്ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം 2020 ഡിസംബറിൽ അദ്ദേഹം പുറത്താക്കപ്പട്ടു. പിഎസ്ജിയിൽ നിന്നും പുറത്തു പോയതിനു ശേഷം ചെൽസി പരിശീലകനായ അദ്ദേഹം അതെ സീസണിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. എന്നാൽ ഒന്നര വർഷത്തിന് ശേഷം ചെൽസിയും അദ്ദേഹത്തെ പുറത്താക്കി.
PSG are willing to admit their past mistakes in bid to get Thomas Tuchel back: https://t.co/9UxmVUuKk8
— Nizaar Kinsella (@NizaarKinsella) February 20, 2023
മികച്ച പരിശീലകനായ ടുഷെൽ താരങ്ങളെ കൈകാര്യം ചെയ്യുന്നതിന്റെ കുഴപ്പങ്ങൾ കൊണ്ടാണ് പുറത്താക്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും 2020ൽ ജർമൻ പരിശീലകനെ പുറത്താക്കിയത് ഒരു തെറ്റായെന്നു സമ്മതിച്ചാണ് ചെൽസി അദ്ദേഹത്തെ വീണ്ടും നിയമിക്കാൻ ഒരുങ്ങുന്നത്. അതേസമയം പിഎസ്ജിയിലേക്ക് തിരിച്ചു വരാൻ കുഴപ്പങ്ങളൊന്നുമില്ലെങ്കിലും വമ്പൻ താരങ്ങൾ തന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന ഉപാധി അദ്ദേഹം വെച്ചിട്ടുണ്ട്.