തോളിൽ കയ്യിട്ടു നിന്നവർ വരെ റൊണാൾഡോയെ മറക്കുന്നു, അവിശ്വസനീയമെന്ന് ആരാധകർ | Ronaldo

ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിനം കഴിഞ്ഞ ദിവസമാണ് കടന്നു പോയത്. നിരവധിയാളുകളും ക്ലബുകളും താരത്തെ മുപ്പത്തിയൊമ്പതാം ജന്മദിനം ആശംസിച്ച് പോസ്റ്റ് ഇടുകയുണ്ടായി. മുപ്പത്തിയൊമ്പതാം വയസിലെത്തിയ താരം കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയെന്നറിയുമ്പോഴാണ് ഇപ്പോഴും റൊണാൾഡോയുടെ കരുത്ത് മനസിലാവുക.

എന്നാൽ നിരവധി ആശംസകളുടെ ഒപ്പം തന്നെ താരത്തിന് ആശംസ നൽകാതിരുന്ന സുഹൃത്തുക്കളുടെ കാര്യവും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സുഹൃത്തും സഹതാരവുമായിരുന്ന സെർജിയോ റാമോസാണ്. നിലവിൽ സെവിയ്യ താരമായ റാമോസ് റൊണാൾഡോയുടെ ജന്മദിനത്തെ പൂർണമായും തഴയുകയാണുണ്ടായത്.

റാമോസിന്റെ പ്രവൃത്തി അസ്വാഭാവികമായി തോന്നുന്നത് മറ്റൊരു കാര്യം കൂടി അറിയുമ്പോഴാണ്. നെയ്‌മറുടെ പിറന്നാളിന് ആശംസകൾ നേർന്നയാളാണ് സെർജിയോ റാമോസ്. രണ്ടു സീസൺ മാത്രമാണ് നെയ്‌മറും റാമോസും ഒരുമിച്ചു കളിച്ചിട്ടുള്ളത്. അങ്ങിനെയുള്ള റാമോസാണ് ഒൻപതു സീസണോളം ഒരുമിച്ച് കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോയെ തഴഞ്ഞത്.

റാമോസിനൊപ്പം റൊണാൾഡോയുടെ ജന്മദിനത്തിന് മറ്റൊരു അക്കൗണ്ട് കൂടി നിശബ്ദമായിരുന്നത് ആരാധകർ ശ്രദ്ധിച്ചിരുന്നു. റൊണാൾഡോ മുൻപ് കളിച്ച ക്ളബുകളായ സ്പോർട്ടിങ് എസ്‌പി, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നിവരും ഇപ്പോൾ കളിക്കുന്ന ക്ലബായ അൽ നസ്‌റും ആശംസകൾ നേർന്നിരുന്നു. എന്നാൽ റൊണാൾഡോ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഒരു പോസ്റ്റ് പോലും ചെയ്‌തില്ല.

അതേസമയം തന്റെ പിറന്നാൾ ദിനത്തിൽ റൊണാൾഡോയും പൊതുവെ നിശ്ശബ്ദനാണ്. പലപ്പോഴും പിറന്നാൾ ദിനത്തിൽ പോസ്റ്റുകളുമായി വരാറുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു സ്റ്റോറി പോലും ഈ ദിവസങ്ങളിൽ കാണാൻ കഴിയുന്നില്ല. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം അതിൽ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലാണെന്നാണ് കരുതേണ്ടത്.

Ramos Did Not Send Birthday Wishes To Ronaldo