ആഴ്സണലിന്റെ ഹീറോക്ക് ടോട്ടനം ആരാധകന്റെ ചവിട്ട്, പ്രീമിയർ ലീഗ് മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്പറുമായി നടന്ന മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ ആഴ്സണലിന് കഴിഞ്ഞു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യതയും ടോപ് സിക്സ് ടീമുകളിലൊന്നായ ടോട്ടനം ഹോസ്പറുമായുള്ള മത്സരത്തിലെ മികച്ച വിജയത്തോടെ വർധിപ്പിച്ചിട്ടുണ്ട്.
എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്സണൽ ടോട്ടനം ഹോസ്പറിന്റെ മൈതാനത്തു നേടിയത്. പതിനാലാം മിനുട്ടിൽ ഹ്യൂഗോ ലോറിസിന്റെ സെൽഫ് ഗോൾ ആഴ്സനലിനെ മുന്നിലെത്തിച്ചപ്പോൾ മുപ്പത്തിയാറാം മിനുട്ടിൽ മാർട്ടിൻ ഒഡേഗാർഡിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് അവരുടെ ലീഡുയർത്തി. തിരിച്ചുവരാനുള്ള ശ്രമങ്ങൾ ടോട്ടനം നടത്തിയെങ്കിലും മികച്ച സേവുകളുമായി ഗോൾകീപ്പർ റാംസ്ദേൽ അവസരത്തിനൊത്ത് ഉയർന്നപ്പോൾ ആഴ്സണൽ വിജയവും ക്ലീൻ ഷീറ്റും ഉറപ്പിക്കുകയായിരുന്നു.
വളരെയധികം ചൂട് പിടിച്ച മത്സരമായതിനാൽ തന്നെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചില അസാധാരണ സംഭവങ്ങളുമുണ്ടായി. മത്സരത്തിനു ശേഷം റാംസ്ദേൽ വിജയം ആഘോഷിക്കുമ്പോൾ അതിനിടയിൽ കയറി ടോട്ടനത്തിന്റെ ബ്രസീലിയൻ സ്ട്രൈക്കറായ റിച്ചാർലിസൺ താരത്തോട് കയർക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. ഇതിനു ശേഷം ഗോൾപോസ്റ്റിനു പിന്നിലേക്ക് പോയ ഇംഗ്ലണ്ട് ഗോൾകീപ്പറെ കാണികളുടെ ഇടയിൽ നിന്നും വന്ന ഒരു ടോട്ടനം ആരാധകൻ ചവിട്ടുകയും ചെയ്തു.
Spurs fans kicked Aaron Ramsdale. Lifetime ban, see you later Son 👋🔴pic.twitter.com/pTc0zYeWLl
— Gunners (@Gunnersc0m) January 15, 2023
ചവിട്ടിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടിച്ചു മാറ്റിയത്. ഇത്രയും മോശപ്പെട്ട പ്രവൃത്തി ചെയ്ത ആരാധകനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്. മിക്കവാറും ജീവിതകാലം മുഴുവൻ ആരാധകന് സ്റ്റേഡിയത്തിൽ നിന്നും വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ രണ്ടു ടീമിലെയും താരങ്ങൾ തമ്മിലും ചെറിയ രീതിയിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു ശേഷം എവേ മത്സരത്തിനെത്തിയ ആരാധകർക്കൊപ്പം വിജയം ആഘോഷിച്ചാണ് ആഴ്സണൽ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയത്.
Embarrassing from Richarlison, but appalling from the Spurs fan here to kick Ramsdale 🙄#TOTARS pic.twitter.com/7x8eFJUgu5
— Foot Mood Daily (@FootMoodDaily) January 15, 2023
മത്സരത്തിൽ ആഴ്സണലിനായിരുന്നു ആധിപത്യം ഉണ്ടായിരുന്നത്. പന്തിൽ ആധിപത്യം പുലർത്തിയ അവർ മികച്ചു നിന്നപ്പോൾ രണ്ടാം പകുതിയിൽ തിരിച്ചു വരാനുള്ള ശ്രമങ്ങൾ ടോട്ടനം ഊർജ്ജിതമാക്കിയെങ്കിലും അതെല്ലാം റാംസ്ദേലിനു മുന്നിൽ നിഷ്പ്രഭമായി. ഏഴു സേവുകളാണ് താരം മത്സരത്തിൽ നടത്തിയത്. താരത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനം ആരാധകർക്കും ആവേശം നൽകുന്നതായിരുന്നു.