എംബാപ്പെക്കു നൽകേണ്ട ട്രാൻസ്ഫർ ഫീസ് പറഞ്ഞ് പിഎസ്ജി, ചിരിച്ചു തള്ളി റയൽ മാഡ്രിഡ് | Mbappe
എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഓരോ ട്രാൻസ്ഫർ ജാലകത്തിലും ശക്തമായി ഉണ്ടാകുമെങ്കിലും ഇതുവരെ അത് സംഭവിച്ചിട്ടില്ല. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അതുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വമ്പൻ തുക പ്രതിഫലം നൽകി പിഎസ്ജി താരത്തെ നിലനിർത്തുകയായിരുന്നു. അതിനു ശേഷം ഒരു വർഷം പിന്നിട്ടപ്പോഴേക്കും എംബാപ്പെ കരാർ നീട്ടുന്നില്ലെന്ന് അറിയിക്കുകയും അതോടെ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാവുകയും ചെയ്തു.
കരാർ പുതുക്കുന്നില്ലെന്ന് അറിയിച്ച എംബാപ്പയെ പിഎസ്ജി ആദ്യം സ്ക്വാഡിൽ നിന്നും ഒഴിവാക്കിയെങ്കിലും പിന്നീട് ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരം അത് പുതുക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനിടയിൽ എംബാപ്പയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡിന് താരത്തെ വാങ്ങാൻ എത്ര തുക മുടക്കേണ്ടി വരുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്. എൽ ഡിബേറ്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
🤣 Real Madrid have 'laughed' at PSG's demand of £213m for Kylian Mbappe 💰https://t.co/KAcdHl29Sw pic.twitter.com/cd1THnHLzY
— Mirror Football (@MirrorFootball) August 23, 2023
റിപ്പോർട്ടുകൾ പ്രകാരം ലോകറെക്കോർഡ് തുകയായ 213 മില്യൺ പൗണ്ടാണ് എംബാപ്പെക്കു വേണ്ടി പിഎസ്ജി റയൽ മാഡ്രിഡിനോട് ആവശ്യപ്പെട്ടത്. എംബാപ്പെക്ക് ഈ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെങ്കിൽ പിഎസ്ജി അതിനു തടസമാകില്ല, എന്നാൽ ഈ തുക റയൽ മാഡ്രിഡ് നൽകണം. അതേസമയം പിഎസ്ജിയുടെ ആവശ്യത്തെ റയൽ മാഡ്രിഡ് ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഇത്രയും തുക നൽകി താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് താൽപര്യമില്ല.
എംബാപ്പയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. താരം പിഎസ്ജി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. കരാർ പുതുക്കിയാൽ മാത്രമേ താരത്തിന് ക്ലബിൽ അവസരം നൽകാനും പിഎസ്ജി നേതൃത്വം തയ്യാറാവുകയുള്ളൂ. റയൽ മാഡ്രിഡിന് എംബാപ്പയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും ഇത്രയും വലിയൊരു തുക അവർ മുടക്കില്ല. കരാർ അവസാനിക്കുന്നത് വരെ കാത്തിരിക്കാനാവും റയൽ ഒരുങ്ങുന്നത്. എന്നാൽ എംബാപ്പെ പിഎസ്ജി കരാർ പുതുക്കിയാൽ റയലിന്റെ മോഹങ്ങൾ ഇല്ലാതാകും.
Real Madrid Laughed At Mbappe Transfer Fees