റയൽ മാഡ്രിഡിനെ കാത്ത് തിരിച്ചടി, പോയിന്റ് വെട്ടിക്കുറയ്ക്കാൻ സാധ്യത | Real Madrid
ഗെറ്റാഫെക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിരുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന മാർക്കോ അസെൻസിയോ നേടിയ മികച്ചൊരു ഗോളിലാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഈ സീസണിൽ ലീഗ് കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയൊന്നും ഇല്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുമ്പോൾ ഈ വിജയം ആത്മവിശ്വാസം നൽകും.
എന്നാൽ മത്സരത്തിനു പിന്നാലെ റയൽ മാഡ്രിഡിനെ കാത്ത് വലിയൊരു തിരിച്ചടി വരാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. മത്സരത്തിൽ നേടിയ വിജയം തന്നെ ഇല്ലാതായി റയൽ മാഡ്രിഡിന്റെ പോയിന്റ് നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നാണ് സ്പാനിഷ് മാധ്യമം സ്പോർട്ട് വെളിപ്പെടുത്തുന്നത്. കളിയുടെ അവസാനമിനുട്ടുകളിൽ പകരക്കാരെ ഇറക്കിയതിൽ ക്ലബിനു സംഭവിച്ച ചെറിയൊരു വീഴ്ചയാണ് ഒരു നടപടിക്ക് സാധ്യതയായി വരുന്നത്.
The three points would be massive for Getafe in their fight against relegation.https://t.co/HIJPz7UdyR
— Football España (@footballespana_) May 14, 2023
മത്സരത്തിനിടെ കമവിങ്ങയെ മാറ്റി ഓഡ്രിയോസോളോയെ പകരക്കാരനായി ഇറക്കിയിരുന്നു. എന്നാൽ അതേ ഓഡ്രിയോസോളോ അതിനു തൊട്ടു മുൻപ് അസെൻസിയോയുടെ പകരക്കാരനായി ഇറങ്ങിയതായിരുന്നു. തുടർന്ന് അസെൻസിയോയെ വീണ്ടും മൈതാനത്ത് തന്നെ ഇറക്കി കമവിങ്ങയെ പിൻവലിക്കുകയാണ് ചെയ്തത്. എന്നാൽ ഫുട്ബോൾ നിയമങ്ങൾ പ്രകാരം പകരക്കാരൻ മൈതാനത്ത് ഇറങ്ങിയാൽ കയറിപ്പോയ താരത്തിന് പിന്നീട് വീണ്ടും ഇറങ്ങാൻ കഴിയില്ല.
ഈ സംഭവം ചൂണ്ടിക്കാട്ടി ഗെറ്റാഫെ പരാതി നൽകുകയാണെങ്കിൽ റയൽ മാഡ്രിഡിന്റെ വിജയവും മൂന്ന് പോയിന്റും ഇല്ലാതാകും. ഈ മൂന്നു പോയിന്റ് ഗെറ്റാഫെക്ക് ലഭിക്കുകയും ചെയ്യും. ഈ സീസണിൽ ലീഗ് കിരീടം നഷ്ടമായ റയൽ മാഡ്രിഡിനെ സംബന്ധിച്ച് മൂന്നു പോയിന്റ് പോകുന്നതൊരു വിഷയമല്ല. എന്നാൽ തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന ഗെറ്റാഫെക്ക് മൂന്നു പോയിന്റ് ലഭിച്ചാൽ അതൊരു ആശ്വാസമാകും എന്നതിനാൽ തന്നെ അവർ പരാതി നൽകിയേക്കും.
Real Madrid May Face Point Deduction After Getafe Match