സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ വരുമാനസ്രോതസുകളെ വിറ്റത് ബാഴ്‌സലോണ മാത്രമല്ല, റയൽ മാഡ്രിഡും

കടുത്ത സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് 2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ക്ലബാണ് ബാഴ്‌സലോണ. എന്നാൽ ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏവരെയും ഞെട്ടിച്ച് നിരവധി സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാൻ അവർക്കായി. ക്ലബിന്റെ ആസ്‌തികളുടെയും വരുമാനസ്രോതസുകളുടെയും നിശ്ചിത ശതമാനം ഉപയോഗിക്കാൻ സ്വകാര്യകമ്പനികൾക്ക് ഒരു സമയം വരെ അനുവാദം നൽകുന്ന കരാർ ഒപ്പു വെച്ചാണ് ബാഴ്‌സലോണ തങ്ങളുടെ സാമ്പത്തികപ്രതിസന്ധിയെ മറികടന്ന് നിരവധി മികച്ച താരങ്ങളെ ടീമിലെത്തിച്ചത്.

ക്ലബിന്റെ ആസ്‌തികളുടെ നിശ്ചിതശതമാനം വിറ്റഴിച്ചതിന്റെ പേരിൽ ബാഴ്‌സലോണ മറ്റു ക്ലബുകളുടെ ആരാധകരുടെ കളിയാക്കലുകൾക്ക് വിധേയമായിരുന്നു. കോവിഡ് മഹാമാരി അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും സാമ്പത്തികമായ പ്രതിസന്ധി വരാതെ പിടിച്ചു നിൽക്കുകയും ഇക്കാലയളവിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്‌ത റയൽ മാഡ്രിഡിന്റെ ഭരണഘടനാപരമായ മികവിനെ ചൂണ്ടിക്കാട്ടിയാണ് പലരും ബാഴ്‌സലോണയെ കളിയാക്കിയത്. എന്നാൽ ബാഴ്‌സലോണ മാത്രമല്ല, റയൽ മാഡ്രിഡും ഇത്തരത്തിൽ ക്ലബിന്റെ ആസ്‌തികൾ വിറ്റിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബാഴ്‌സലോണ തങ്ങളുടെ ബാഴ്‌സ സ്റ്റുഡിയോയുടെ അമ്പതു ശതമാനവും ടെലിവിഷൻ അവകാശത്തിന്റെ 25 ശതമാനവും അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്ക് അമേരിക്കൻ നിക്ഷേപകമ്പനിയായ സിക്‌സ്ത്ത് സ്ട്രീറ്റിനു വിറ്റാണ് സാമ്പത്തിക പ്രതിസന്ധികളെ മറികടന്നത്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ജനറൽ അസംബ്ലിയിൽ ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് പറഞ്ഞതു പ്രകാരം ഇതേ കമ്പനിക്കു തന്നെയാണ് റയൽ മാഡ്രിഡും തങ്ങളുടെ വരുമാനസ്രോതസുകൾ നിശ്ചിത കാലത്തേക്ക് വിറ്റിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെർണാബു പുതുക്കിപ്പണിയുന്നതിനു വേണ്ടിയാണ് ഈ കമ്പനിയുമായി റയൽ മാഡ്രിഡ് കരാറിൽ ഏർപ്പെട്ടത്.

കോവിഡ് മഹാമാരി സമയത്ത് ഇരുനൂറു മില്യൺ യൂറോയുടെ വരുമാനനഷ്‌ടം റയൽ മാഡ്രിഡിന് ഉണ്ടായെന്നാണ് ഫ്ലോറന്റീനോ പെരസ് പറയുന്നത്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചതിലൂടെ അതു പരിഹരിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം 2020-21 സീസണിൽ സ്റ്റേഡിയം പുനർനിർമാണ പ്രവർത്തികളുടെ ഭാഗമായി ഇരുപതു വർഷത്തേക്ക് സിക്‌സ്ത്ത് സ്ട്രീറ്റുമായി കരാറിൽ എത്തിയ കാര്യവും വെളിപ്പെടുത്തി. സാന്റിയാഗോ ബെർണാബു സ്റ്റേഡിയത്തിൽ നിന്നുള്ള വരുമാനത്തിന്റെ മുപ്പതു ശതമാനം ഈ കമ്പനിക്ക് നൽകാമെന്ന കരാറിലാണ് അവർ ഒപ്പു വെച്ചതെന്ന് നേരത്തെ കാറ്റലൻ മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

റയൽ മാഡ്രിഡിന്റെ കരാറുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭ്യമല്ലെങ്കിലും ബാഴ്‌സലോണക്ക് തങ്ങളുടെ കരാറിൽ നിന്നും എപ്പോൾ വേണമെങ്കിലും പിൻമാറാൻ കഴിയുമെന്ന ഉടമ്പടി അതിലുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ആ സമയത്ത് സിക്‌സ്ത്ത് സ്ട്രീറ്റിന് അംഗീകരിച്ച തുക ക്ലബ് നൽകേണ്ടി വരുമെന്ന് മാത്രം. കോവിഡ് മഹാമാരി അവസാനിക്കുകയും ക്ലബിന്റെ സാമ്പത്തികമായ സ്രോതസുകൾ മെച്ചപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ കരാർ നിലനിൽക്കുന്ന കാലം വരെ അതു മുന്നോട്ടുകൊണ്ടുപോകാൻ ബാഴ്‌സലോണ തയ്യാറാവില്ലെന്നാണ് കരുതേണ്ടത്.