“ഞങ്ങളോട് സംസാരിക്കാൻ പോലും നിൽക്കാതെയാണ് ഇവാൻ ടീമിനെയും കൊണ്ട് മൈതാനം വിട്ടത്”- ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെ റഫറി
ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെ സംഭവിച്ച വിവാദങ്ങളുടെ ഭാഗമായുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം എഐഎഫ്എഫ് നേതൃത്വം കളിക്കളം വിട്ട വുകോമനോവിച്ച് മര്യാദകൾ ലംഘിച്ചുവെന്ന കാരണം പറഞ്ഞ് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തെ തെളിവുകൾ നിറത്തെ സ്ഥാപിക്കാൻ വുകോമനോവിച്ചും ശ്രമിച്ചു.
നൽകിയ മറുപടിയിൽ ഇതേ റഫറി കഴിഞ്ഞ സീസണിൽ തങ്ങൾക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത്തവണയും അത് തന്നെ ആവർത്തിച്ചപ്പോൾ സ്വീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് മൈതാനം വിട്ടതെന്ന് ഇവാൻ പറയുന്നു. റഫറിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മറുപടിയിൽ പറയുന്ന ഇവാൻ മുൻ റഫറിമാർ അതൊരു പിഴവാണെന്ന് സ്ഥിരീകരിക്കുന്നതിന്റെ തെളിവുകളും എഐഎഫ്എഫിനു നൽകിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
Ivan Vukomanovic gets charge notice, says ‘culmination of circumstances’ behind walkout https://t.co/ohun7XaLeS
— TOI Goa (@TOIGoaNews) March 15, 2023
അതേസമയം തങ്ങളോട് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സംസാരിക്കാൻ പോലും നിന്നില്ലെന്നാണ് റഫറി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പരിശീലകനു വേണമെങ്കിൽ ടച്ച് ലൈനിൽ നിന്ന് തങ്ങളോട് സംസാരിക്കാമെന്നു ബ്ലാസ്റ്റേഴ്സ് മാനേജരെ അറിയിച്ചിരുന്നുവെന്നും എന്നാൽ അതിനൊന്നും നിൽക്കാതെ ടീമുമായി അദ്ദേഹം സ്റ്റേഡിയം വിട്ടെന്ന് റഫറി പറയുന്നു. മാച്ച് കമ്മീഷണറുടെ റിപ്പോർട്ടിലും വുകോമനോവിച്ച് നടപടികൾ വരുന്നത് കാര്യമാക്കാതെ സ്റ്റേഡിയം വിട്ടുവെന്ന് വ്യക്തമാക്കുന്നു.
റഫറിമാരുടെ റിപ്പോർട്ടുകൾ പരിശീലകന് എതിരാണെങ്കിലും ഇവാൻ നൽകിയ തെളിവുകൾ എഐഎഫ്എഫ് പരിഗണിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തായാലും ബ്ലാസ്റ്റേഴ്സിനോ പരിശീലകനോ എതിരെ നടപടി ഉണ്ടാകുമെന്നിരിക്കെ അതിന്റെ തീവ്രത കുറക്കാൻ ഇതു സഹായിച്ചേക്കും. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ നിലവാരം ഉയർത്തുന്നതിനെ കുറിച്ച് എഐഎഫ്എഫ് ചിന്തിക്കാനും ഇത് കാരണമായിട്ടുണ്ട്.