റൊണാൾഡോ നൽകിയ അന്ത്യശാസനവും ഫലം കണ്ടില്ല, മെൻഡസിനെ പുറത്താക്കാനുള്ള കാരണമിതാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് നിരാശപ്പെടുത്തിയ സീസണായിരുന്നു ഇത്തവണത്തേത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പകരക്കാരുടെ നിരയിലേക്ക് പോയ താരം മോശം പെരുമാറ്റത്തിന്റെ പേരിൽ നടപടികൾ നേരിട്ടു. സമ്മറിൽ ക്ലബ് വിടാൻ കഴിയാതിരുന്നതിലുള്ള നീരസവും റൊണാൾഡോയെ ബാധിച്ചിരുന്നു. ഒടുവിൽ പിയേഴ്‌സ് മോർഗനുമായി നടത്തിയ അഭിമുഖത്തിൽ ക്ലബിനെതിരെ രൂക്ഷമായ വിർശനം നടത്തിയതോടെ താരവുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കി.

അതിനു ശേഷം ലോകകപ്പിനെത്തിയ റൊണാൾഡോക്ക് അവിടെയും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഒരൊറ്റ ഗോൾ മാത്രം ടൂർണമെന്റിൽ നേടിയ താരം അവസാന രണ്ടു മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലേക്ക് പോയി. ലോകകപ്പ് കഴിഞ്ഞതോടെ ഫ്രീ ഏജന്റായ റൊണാൾഡോ യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചെങ്കിലും ഏവരെയും ഞെട്ടിച്ച് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.

സൗദി ലീഗിലേക്ക് ചേക്കേറിയതിനു ശേഷം റൊണാൾഡോ പറഞ്ഞത് യൂറോപ്പിൽ ഇനി തനിക്കൊന്നും നേടാനില്ലാത്തതു കൊണ്ടാണ് അൽ നസ്‌റിനെ തിരഞ്ഞെടുത്തതെന്നും ഇനി അവർക്കൊപ്പം പുതിയ റെക്കോർഡുകൾ സ്ഥാപിക്കുമെന്നുമായിരുന്നു. എന്നാൽ യൂറോപ്പിലെ മുൻനിര ക്ലബുകളൊന്നും റൊണാൾഡോക്കായി രംഗത്തു വരാത്തതിനെ തുടർന്നാണ് താരം സൗദിയിലെത്തിയതെന്നാണ് പുതിയ വിവരങ്ങൾ. ഏജന്റായ മെൻഡസുമായി റൊണാൾഡോ വേർപിരിഞ്ഞതും ഇതിനെ തുടർന്നാണ്.

സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം റൊണാൾഡോ ഏജന്റായ ജോർജ് മെൻഡസിന് നൽകിയ അന്ത്യശാസനം ചെൽസി അല്ലെങ്കിൽ ബയേൺ മ്യൂണിക്കിലേക്ക് തന്നെ എത്തിക്കണമെന്നായിരുന്നു. അതല്ലെങ്കിൽ എല്ലാം ഇവിടെ അവസാനിക്കുമെന്നും റൊണാൾഡോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്ന ഏതെങ്കിലും ക്ലബ്ബിലേക്ക് റൊണാൾഡോയെ എത്തിക്കാൻ മെൻഡസ് ശ്രമിച്ചെങ്കിലും അതിനു കഴിയാത്തതിനെ തുടർന്ന് അവർ തമ്മിൽ വേർപിരിയുകയായിരുന്നു.

സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് യുവതാരമാകുന്ന സമയം മുതൽ തന്നെ പ്രതിനിധീകരിച്ചിരുന്ന ജോർജ് മെൻഡസുമായി റൊണാൾഡോ വേർപിരിഞ്ഞത്. യൂറോപ്യൻ ഫുട്ബോളിൽ തന്നെ തുടരണമെന്ന റൊണാൾഡോയുടെ ആഗ്രഹം നടന്നില്ലെങ്കിലും നിലവിൽ ഏറ്റവും ഉയർന്ന തുക പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.