എമിലിയാനോയുടെ ശിഷ്യൻ തന്നെയെന്നുറപ്പായി, പെനാൽറ്റികൾ തടുക്കുന്നതിനു പിന്നിലെ വലിയ രഹസ്യം വെളിപ്പെടുത്തി സച്ചിൻ സുരേഷ് | Sachin Suresh
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന തലത്തിലേക്ക് ഉയരാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ സച്ചിനെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല സീസണിന്റെ മുന്നോടിയായി നടന്ന മത്സരങ്ങളിൽ വളരെ മോശം പ്രകടനം നടത്തിയതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന താരം പക്ഷെ സീസൺ തുടങ്ങിയതു മുതൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിട്ടുണ്ട്. ഓരോ മത്സരത്തിലും കൂടുതൽ കൂടുതൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ രക്ഷകൻ സച്ചിൻ സുരേഷ് തന്നെയായിരുന്നു. ഒരു ഗോളിന് മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് പെനാൽറ്റി വഴങ്ങാൻ കാരണം സച്ചിൻ തന്നെ ആയിരുന്നെങ്കിലും ആ പിഴവ് അത് തടുത്തിട്ടതിലൂടെ താരം പരിഹരിച്ചു. ഈസ്റ്റ് ബംഗാൾ രണ്ടു തവണ കിക്കെടുത്തപ്പോൾ അത് രണ്ടും താരം തടഞ്ഞിട്ടിരുന്നു. അതിനു ശേഷം അവസാന മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലും താരം കൃത്യമായ ദിശയിലേക്കാണ് ചാടിയതെങ്കിലും അത് ഗോളായി മാറി.
🎥 | WATCH : Absolute drama at the VYBK as Cleiton Silva goes up with the penalty twice against Sachin Suresh and is denied both the times ❌ #ISL | #IndianFootball pic.twitter.com/F9h73F7WVr
— 90ndstoppage (@90ndstoppage) November 4, 2023
ഈ സീസണിൽ നേരിട്ട നാല് പെനാൽറ്റികളിൽ മൂന്നും തടുത്തിട്ട സച്ചിൻ സുരേഷ് പെനാൽറ്റി ഷൂട്ടൗട്ടിലെ അതികായനായ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെയാണ് ഓർമിപ്പിക്കുന്നത്. എമിലിയാനോ മാർട്ടിനസിനെ പെനാൽറ്റികൾ തടുക്കാനും എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും സഹായിക്കുന്നത് താരത്തിന്റെ മൈൻഡ് ഗെയിം ആണ്. ഇന്നലെ നടന്ന മത്സരത്തിന് ശേഷം സച്ചിൻ സുരേഷും പറഞ്ഞത് മൈൻഡ് ഗെയിം പെനാൽറ്റികൾ തടുക്കാൻ വളരെ പ്രധാനമാണെന്നാണ്.
അതേസമയം ആ പെനാൽറ്റികൾ തടുക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും സച്ചിൻ സുരേഷ് മത്സരത്തിന് ശേഷം പറഞ്ഞു. തന്റെ പിഴവിൽ നിന്നാണ് ആ പെനാൽറ്റി വഴങ്ങിയത് എന്നതിനാൽ അത് തടുത്തേ തീരുവെന്നു താൻ ഉറപ്പിച്ചിരുന്നുവെന്നും ദൈവവും ഭാഗ്യവും തനിക്കൊപ്പം നിന്നുവെന്നും താരം വെളിപ്പെടുത്തി. പെനാൽറ്റികൾ തടുക്കാൻ കഴിയുന്നതിൽ ഭാഗ്യത്തിന്റെ അംശം കൂടിയുണ്ടെന്നു പറഞ്ഞ സച്ചിൻ ഇനിയും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടു പോകാൻ കഴിയട്ടെയെന്നും വെളിപ്പെടുത്തി.
ഇന്നലെ നടന്ന മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി സച്ചിൻ സുരേഷ് മാറിയിട്ടുണ്ട്. വിമർശനങ്ങളെ മറികടന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ താരം എല്ലാവർക്കും ഒരു മാതൃകയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇരുപത്തിരണ്ടു വയസ് മാത്രമുള്ള, ഓരോ മത്സരം കഴിയുന്തോറും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന താരത്തിനു മുന്നിൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ വാതിലുകളും തുറക്കപ്പെടുന്നുണ്ടാകും.
Sachin Suresh Reveals Penalty Save Technique