ലോകകപ്പ് സാധ്യതയുള്ളത് അഞ്ചു ടീമുകൾക്ക്, അതിൽ ഏറ്റവും സാധ്യത അർജന്റീനക്ക്: സാഡിയോ മാനെ
ഖത്തർ ലോകകപ്പ് ആരംഭിക്കാനിനി ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കെ ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യത മെസിയുടെ അർജന്റീനക്കാണെന്ന് ബയേൺ മ്യൂണിക്ക് സൂപ്പർതാരം സാഡിയോ മാനെ. ലോകകിരീടം നേടാൻ അഞ്ചു ടീമുകൾക്ക് സാധ്യതയുണ്ടെന്നു പറഞ്ഞ മാനെ അതിൽ അർജന്റീനക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്കും ബാഴ്സലോണയും തമ്മിൽ നടന്ന മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് മാനെ മെസിയെയും അർജന്റീനയെയും പ്രശംസിച്ചത്.
“മെസിയൊരു അസാധാരണ കളിക്കാരനാണ്.” മാനെ പറഞ്ഞു. ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെക്കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “അർജന്റീന, ബ്രസീൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്. ലോകകപ്പ് നേടാൻ ഈ ടീമുകൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്നാണ് ഞാൻ കരുതുന്നത്. അർജന്റീന അതിലൊരു ടീമാണ്.” സെനഗൽ താരം പറഞ്ഞു.
ഖത്തർ ലോകകപ്പ് നേടാൻ നിരവധി പേർ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് അർജന്റീന. മുപ്പത്തിയഞ്ചു മത്സരങ്ങളിൽ അപരാജിതരായാണ് അവർ ലോകകപ്പ് ടൂർണമെന്റിന് തയ്യാറെടുക്കുന്നത്. ലയണൽ മെസിയുടെ മികച്ച ഫോമും താരത്തിന്റെ നേതൃത്വത്തിൽ കെട്ടുറപ്പോടെ കളിക്കുന്ന താരങ്ങളുമാണ് അർജന്റീനയുടെ പ്രധാന കരുത്ത്. ഒന്നര വർഷത്തിനിടയിൽ കോപ്പ അമേരിക്കയടക്കം രണ്ടു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കുകയും ചെയ്തിരുന്നു.
Sadio Mané when asked about 2022 World Cup favorites: "Your country, Argentina… Yeah, unbelievable (Lionel Messi) player. Argentina, Brazil, Germany, France, England. There are a few teams which can win the WC and Argentina is one of them." Via @SC_ESPN.pic.twitter.com/QjYQuGvXMz
— Roy Nemer (@RoyNemer) October 27, 2022
ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നീ ടീമുകൾക്കൊപ്പമാണ് അർജന്റീന ഇടം പിടിച്ചിരിക്കുന്നത്. അർജന്റീനയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഗ്രൂപ്പ് ഘട്ടം അത്ര കടുപ്പമുള്ള ഒന്നാവാൻ സാധ്യതയില്ല. നവംബർ ഇരുപത്തിരണ്ടിനു സൗദി അറേബ്യക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യത്തെ മത്സരം.