റൊണാൾഡോക്ക് നൽകുന്നതിന്റെ ഇരട്ടിയോളം പ്രതിഫലം, ലയണൽ മെസിയും സൗദിയിലേക്കോ
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത് ഫുട്ബോൾ ലോകത്ത് ചർച്ചാവിഷയമായ സംഭവമാണ്. യൂറോപ്പിൽ ഇനിയും കളിക്കാൻ കഴിയുമായിരുന്നിട്ടും താരം സൗദി അറേബ്യയിലേക്ക് ചേക്കേറിയത് അവിടെ നിന്നും ലഭിക്കുന്ന ഉയർന്ന പ്രതിഫലം കണ്ടു തന്നെയാണെന്നു പലരും വിധിയെഴുതി. ഏതാണ്ട് ഇരുനൂറു മില്യൺ യൂറോയാണ് റൊണാൾഡോക്ക് ഒരു സീസണിൽ പ്രതിഫലമായി അൽ നസ്ർ നൽകുന്നത്. നിലവിൽ ഇത്രയും തുക പ്രതിഫലം വാങ്ങുന്ന മറ്റൊരു ഫുട്ബോൾ താരമില്ല.
എന്നാൽ ലയണൽ മെസിയൊന്നു മനസു വെച്ചാൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമെന്ന റൊണാൾഡോയുടെ റെക്കോർഡ് വളരെ പെട്ടന്നു തന്നെ തകർക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇത്തവണ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ നായകനെ സ്വന്തമാക്കാൻ സൗദി അറേബ്യയിൽ അൽ നസ്റിന്റെ എതിരാളികളായ അൽ ഹിലാൽ ക്ലബ് ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ തന്നെ പുറത്തു വന്ന ഈ റിപ്പോർട്ടുകൾ ഇപ്പോൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്ർ പ്രതിവർഷം ഇരുനൂറു മില്യൺ യൂറോ പ്രതിഫലമായി നൽകുമ്പോൾ ലയണൽ മെസിക്ക് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരിക്കുന്നത് മുന്നൂറു മില്യൺ യൂറോയോളമാണ്. നിലവിൽ പിഎസ്ജി താരമായ ലയണൽ മെസിയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ തുടങ്ങുകയാണ്. ഈ സാഹചര്യം മുതലെടുത്ത് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ കഴിയുമോയെന്നാണ് അൽ ഹിലാൽ നോക്കുന്നത്. റൊണാൾഡോയും ഫ്രീ ട്രാൻസ്ഫറിലാണ് സൗദിയിൽ എത്തിയത്.
BREAKING: Al Hilal, Al Nassr's biggest rival, would like to sign Lionel Messi and are ready to offer him just under double what Cristiano Ronaldo is earning 🤑🇸🇦 pic.twitter.com/xZFuSSoFPP
— SPORTbible (@sportbible) January 12, 2023
നിലവിലെ സാഹചര്യത്തിൽ ലയണൽ മെസി സൗദിയിൽ എത്താനുള്ള യാതൊരു സാധ്യതയുമില്ല. മികച്ച ഫോമിൽ കളിക്കുന്ന താരം യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. അടുത്തു തന്നെ താരം പിഎസ്ജി കരാർ പുതുക്കുമെന്നും സൂചനകളുണ്ട്. എന്നാൽ സമീപഭാവിയിൽ താരം സൗദിയിൽ എത്തില്ലെന്ന് ഒരിക്കലും പറയാൻ കഴിയില്ല. നിലവിൽ തന്നെ സൗദി ടൂറിസത്തിന്റെ അംബാസിഡറായി പ്രവർത്തിക്കുന്ന ലയണൽ മെസിയെ 2030 ലോകകപ്പ് ബിഡിനായി മുന്നിൽ നിർത്താൻ സൗദി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്.