റൊണാൾഡോക്കു പിന്നാലെ മെസിയും സൗദിയിലേക്ക്, താരത്തിന്റെ പേരുള്ള സൗദി ക്ലബിന്റെ ജേഴ്‌സികൾ വിൽപ്പന ആരംഭിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഖത്തർ ലോകകപ്പ് സമയത്തു തന്നെ ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് അതാരും ചെവിക്കൊണ്ടിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരം ഈ സീസണിൽ മോശം ഫോമിലായിരുന്നെങ്കിലും ആഗോളതലത്തിൽ ഒട്ടും അറിയപ്പെടാത്ത ഒരു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്‌ച തികയും മുൻപ് റൊണാൾഡോയെ സ്വന്തമാക്കിയ വിവരം അൽ നസ്ർ ഒദ്യോഗികമായി പ്രഖ്യാപിച്ചു.

റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയെ ഭാവിയിൽ ടീമിന്റെ ഭാഗമാക്കാൻ മറ്റൊരു സൗദി അറേബ്യൻ ക്ലബ് ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ ചേക്കേറിയ അൽ നസ്‌റിന്റെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബാണ് ലയണൽ മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ കരാറാണ് മെസിക്കു വേണ്ടി അവർ ഓഫർ ചെയ്‌തതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കുവൈറ്റിലെ മുൻ മന്ത്രിയായ ഡോക്റ്റർ സാദ് ബിൻ റാഫേല അൽ അജ്‌മി അൽ ഹിലാൽ ക്ലബ് ലയണൽ മെസിക്കായി ശ്രമം നടത്തുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ലയണൽ മെസിയുമായി കരാറിൽ എത്തുന്നതോടെ സൗദി ലീഗിൽ ലോകത്തിലെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പതിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസി പുറത്തു പോന്ന സമയത്തും അൽ ഹിലാൽ താരത്തിനായി ശ്രമം നടത്തിയിട്ടുണ്ട്. ലയണൽ മെസിയും പിഎസ്‌ജിയും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കും എന്നിരിക്കെ താരത്തിനായി സൗദി അറേബ്യൻ ക്ലബ് കൂടുതൽ തീവ്രമായ ശ്രമം നടത്തും എന്നുറപ്പാണ്. ഇതുവരെയും ലയണൽ മെസി ക്ലബുമായി പുതിയ കരാർ ഒപ്പിട്ടിട്ടുമില്ല.

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫർ ഗാൾട്ടിയർ കൃത്യമായൊരു ഉത്തരം നൽകിയിരുന്നില്ല. താരത്തിന് ക്ലബിൽ തന്നെ തുടരാൻ താൽപര്യം ഉണ്ടാകുമോ എന്നതാണ് അതിൽ പ്രധാനമായും അറിയേണ്ടതെന്നാണ് കഴിഞ്ഞ ദിവസം ഗാൾട്ടിയാർ പറഞ്ഞത്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കൊപ്പം മെസിയുടെ പ്രകടനം മോശമായിരുന്നെങ്കിലും ഈ സീസണിൽ താരം മികച്ച പ്രകടനം നടത്തുന്നുണ്ട്. അർജന്റീനയെ മുന്നിൽ നിന്നു നയിച്ച് ലോകകപ്പ് നേടിയതോടെ ലോകത്തിന്റെ തന്നെ നിറുകയിലെത്തിയ മെസി കരാർ പുതുക്കാൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെടുമെന്നുറപ്പാണ്. അതിനു പിഎസ്‌ജി തയ്യാറാകുമോയെന്നു കണ്ടറിയണം.

സൗദി അറേബ്യയുമായി മെസിക്ക് നേരത്തെ തന്നെ ബന്ധങ്ങളുണ്ട്. രാജ്യത്തിന്റെ ടൂറിസം അംബാസിഡറായി ലയണൽ മെസിയെ നേരത്തെ തന്നെ അവർ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ലയണൽ മെസി സൗദിയിലേക്കെന്ന വാർത്തകളെ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. റൊണാൾഡോ ട്രാൻസ്‌ഫർ ആദ്യം തള്ളിക്കളഞ്ഞത് പിന്നീട് യാഥാർഥ്യമായത് അതിനൊരു ഉദാഹരണമാണ്. എന്തായാലും ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ലീഗിൽ കളിച്ചാൽ ലോകത്തിന്റെ ശ്രദ്ധ അങ്ങോട്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.