റൊണാൾഡോ സൗദിയിൽ തന്നെ തുടരില്ല, യൂറോപ്പിലേക്ക് തിരിച്ചെത്തും
സൗദി അറേബ്യയിലേക്കുള്ള റൊണാൾഡോയുടെ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്ന താരമാണ് ഈ സീസണിൽ അത്രയൊന്നും അറിയപ്പെടാത്ത സൗദി ക്ലബ്ബിലേക്ക് ചേക്കേറിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളിൽ നിന്നും ഓഫർ വരാത്തതിനെ തുടർന്നാണ് റൊണാൾഡോ ഫുട്ബോൾ ലോകത്ത് തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായി സൗദിയിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
സൗദി ക്ലബിലെത്തിയതിനു ശേഷം റൊണാൾഡോ പറഞ്ഞത് യൂറോപ്പിൽ എല്ലാ റെക്കോർഡുകളും താൻ തകർത്തു കഴിഞ്ഞു, ഇനി സൗദി അറേബ്യൻ ക്ലബിനൊപ്പം റെക്കോർഡുകൾ തകർക്കുകയാണ് ലക്ഷ്യമെന്നുമാണ്. യൂറോപ്പിലെ തൻറെ കരിയർ അവസാനിച്ചുവെന്നാണ് റൊണാൾഡോ ഇതിലൂടെ ഉദ്ദേശിച്ചതെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ റൊണാൾഡോ തന്റെ കരിയർ സൗദിയിൽ തന്നെ അവസാനിപ്പിക്കില്ലെന്നും യൂറോപ്പിലേക്ക് തിരിച്ചുവരുമെന്നുമാണ് അൽ നസ്ർ പരിശീലകൻ പറയുന്നത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനെ പോസിറ്റിവായി സ്വാധീനിക്കുന്ന ട്രാൻസ്ഫർ തന്നെയാണ്. എതിർടീമിന്റെ പ്രതിരോധനിര ചിതറിപ്പോകാൻ താരം സഹായിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡോ. താരം തന്റെ കരിയർ അൽ നസ്റിൽ അവസാനിപ്പിക്കുമെന്നു തോന്നുന്നില്ല, റൊണാൾഡോ യൂറോപ്പിലേക്ക് തന്നെ മടങ്ങിപ്പോകും.” കഴിഞ്ഞ ദിവസം അൽ നസ്ർ പരിശീലകൻ റൂഡി ഗാർസിയ പറഞ്ഞത് സ്പോർട്ട് റിപ്പോർട്ട് ചെയ്തു.
🚨🎙️ Rudi Garcia: "Cristiano Ronaldo will not retire with Al-Nassr. He will return to Europe at the end of his career to retire." pic.twitter.com/SQTx5IGUZV
— Football Tweet ⚽ (@Football__Tweet) January 28, 2023
സൗദി അറേബ്യയിൽ റൊണാൾഡോയുടെ തുടക്കം മികച്ചതായിരുന്നു. പിഎസ്ജിയുമായി നടന്ന സൗഹൃദമത്സരത്തിൽ രണ്ടു ഗോളുകൾ റിയാദ് ബെസ്റ്റ് ഇലവന് വേണ്ടി താരം നേടി. എന്നാൽ അതിനു ശേഷം അൽ നസ്റിന് വേണ്ടി രണ്ടു മത്സരങ്ങൾ കളിച്ചെങ്കിലും ഒന്നിലും ലക്ഷ്യം കാണാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. ഫോം വീണ്ടെടുത്താൽ മാത്രമേ ഇനി യൂറോപ്പിലേക്കും ദേശീയ ടീമിലേക്കും താരത്തിന് തിരിച്ചു വരാൻ കഴിയൂവെന്ന കാര്യത്തിൽ സംശയമില്ല.