ബ്രസീൽ ടീം ചാരപ്പണി നടത്തിയെന്ന ആരോപണങ്ങൾ തള്ളി സെർബിയൻ പരിശീലകൻ
ലോകകപ്പ് മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ സെർബിയയുടെ തന്ത്രങ്ങൾ മനസിലാക്കാൻ ബ്രസീൽ ഡ്രോണുകൾ ഉപയോഗിച്ചുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് പരിശീലകൻ ദ്രാഗൻ സ്റ്റോയ്ക്കോവിച്ച്. കഴിഞ്ഞ ദിവസം രണ്ടു ടീമുകളും പരിശീലനം നടത്തിയത് വളരെ അടുത്തടുത്തുള്ള ട്രെയിനിങ് ഗ്രൗണ്ടുകളിലാണ്. ഈ സാഹചര്യത്തിലാണ് ബ്രസീൽ ഡ്രോണുകൾ ഉപയോഗിച്ചുവന്ന ആരോപണം ഉയർന്നത്.
“ബ്രസീൽ ഞങ്ങളെ വീക്ഷിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ബ്രസീലിനു കണ്ടു വിലയിരുത്താൻ ഞങ്ങളാരാണ്. ഫുട്ബോളിലെ സൂപ്പർപവറാണ് ബ്രസീൽ.” ഇന്നലത്തെ പത്രസമ്മേളനത്തിൽ സെർബിയൻ പരിശീലകൻ പറഞ്ഞു. അതൊരു തെറ്റായ വിവരമാണെന്നും ഇനി ഡ്രോണുകൾ ഉപയോഗിച്ചാൽ തന്നെ ബ്രസീലിനു കാണാൻ യാതൊന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Serbia boss Dragan Stojkovic responds to claims Brazil sent a drone to spy on them | @JamesNursey https://t.co/JtPT66by5b
— Mirror Football (@MirrorFootball) November 23, 2022
ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിനായി രണ്ടു ടീമുകളും ഇറങ്ങുമ്പോൾ ബ്രസീലിനു തന്നെയാണ് മുൻതൂക്കമുള്ളത്. ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ പോർച്ചുഗലിനെ പിന്നിലാക്കിയതു മാത്രമാണ് സെർബിയക്ക് പ്രതീക്ഷ നൽകുന്നത്. രണ്ടു ടീമുകളുടെയും മുന്നേറ്റനിര വളരെ ശക്തമാണ്. ബ്രസീൽ മത്സരത്തിൽ അനായാസ വിജയം നേടാനാണ് സാധ്യത.