മെസിയുടെ കാലത്തു പോലും ഇതുണ്ടായിട്ടില്ല, സാവിയുടെ ബാഴ്സയുടെ പ്രധാന വ്യത്യാസം വെളിപ്പെടുത്തി സെറ്റിയൻ
ബാഴ്സലോണയും ക്വിക്കെ സെറ്റിയനും തമ്മിലുള്ള ബന്ധം അത്ര സുഖകരമായ രീതിയിലല്ല അവസാനിച്ചത്. ഏർനെസ്റ്റോ വാൽവെർദെയെ പുറത്താക്കിയതിനു ശേഷം ടീമിന്റെ മാനേജരായി സെറ്റിയനെ നിയമിച്ചെങ്കിലും ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് അതിനു ശേഷമുണ്ടായത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് ബാഴ്സലോണ തോൽവി വഴങ്ങി. അതിനു പിന്നാലെ സെറ്റിയനെയും ക്ലബ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ലീഗ് മത്സരത്തിൽ പെഡ്രി നേടിയ ഗോളിൽ ബാഴ്സലോണ വിജയം നേടിയ ടീമായ വിയ്യാറയലിന്റെ പരിശീലകനാണ് സെറ്റിയനിപ്പോൾ. മത്സരത്തിനു ശേഷം തന്റെ ടീം പരാജയം വഴങ്ങിയതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. മധ്യനിര താരമായ കോക്വലൈൻ പരിക്കേറ്റു പുറത്തായത് വിയ്യാറയലിനെ ബാധിച്ചുവെന്നു പറഞ്ഞ സെറ്റിയൻ ബാഴ്സലോണ ടീമിൽ കണ്ട പ്രധാന മാറ്റവും വെളിപ്പെടുത്തി.
“കോക്വലിൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് നാല് മിഡ്ഫീൽഡ് താരങ്ങളെ വെച്ച് കളിക്കാൻ കഴിയുമായിരുന്നു. ബാഴ്സലോണ നാല് മിഡ്ഫീൽഡ് താരങ്ങളുമായാണ് കളിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അങ്ങിനെയാണെങ്കിൽ അവരുടെ ഒപ്പം നിൽക്കാനായിരുന്നു അത്. കോക്വലിനെ നഷ്ടമായാത് തിരിച്ചടിയായി, താരം ടീമിനെ ഒരുപാട് സഹായിച്ചിരുന്നു.” വിയ്യാറയൽ പരിശീലകൻ പറഞ്ഞു.
Setien🗣: Something has changed a lot in Barcelona, they play more without the ball with high pressure and intensity. pic.twitter.com/olQr9FR83q
— FCB Albiceleste (@FCBAlbiceleste) February 12, 2023
“മത്സരം ഞങ്ങൾക്ക് തീരെ മോശമായിരുന്നില്ല, പക്ഷെ ഇപ്പോഴത്തെ ബാഴ്സലോണ ടീം വളരെ മികച്ചതാണ്. അവരുടെ നീക്കങ്ങൾക്ക് കൂടുതൽ വേഗതയുണ്ട്. അതിനു പുറമെ ഈ ബാഴ്സലോണ ടീമിൽ മുമ്പത്തേതിൽ നിന്നും ചില കാര്യങ്ങൾ മാറിയിട്ടുണ്ട്, പന്ത് കൈവശമില്ലാത്തപ്പോൾ ടീം കളിക്കുന്ന രീതിയാണതിൽ പ്രധാനം. ആ സമയത്ത് ബാഴ്സലോണ എതിരാളികൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു.” അദ്ദേഹം പറഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയ മത്സരത്തിന് ശേഷം പിന്നീടൊരു മത്സരത്തിൽ പോലും ബാഴ്സലോണ ടീം തോൽവി വഴങ്ങിയിട്ടില്ല. കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിലും അവർ വിജയവും നേടി. സാവിക്ക് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ടീമിന്റെ അടുത്ത എതിരാളി യൂറോപ്പ് ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ്.