ഗാവിയുടെ കരാർ റദ്ദാക്കി, സീനിയർ ടീമിൽ നിന്നും താരം പുറത്ത്
ബാഴ്സലോണ താരമായ ഗാവിക്ക് നൽകിയ പുതിയ കരാർ സ്പെയിനിലെ കോടതി റദ്ദാക്കി. ഗാവിയുടെ കരാറുമായി ബന്ധപ്പെട്ട് ലാ ലീഗ നൽകിയ അപ്പീലിൻറെ ഭാഗമായാണ് പുതിയ കരാർ കോടതി റദ്ദാക്കിയത്. ഇതോടെ ബാഴ്സലോണ സീനിയർ സ്ക്വാഡിൽ നിന്നും താരം പുറത്തായി. സിവിസി കരാറൊപ്പിടാൻ ബാഴ്സലോണക്കു മേൽ ലാ ലിഗ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഗാവിയുടെ കരാറിന്മേലുള്ള നടപടികൾ.
സെപ്തംബറിലാണ് ഗാവി ബാഴ്സലോണയുമായി കരാർ പുതുക്കുന്നത്. ഒരു ബില്യൺ റിലീസ് ക്ലോസ് നൽകി 2026 വരെയാണ് താരത്തിന് പുതിയ കരാർ ബാഴ്സലോണ നൽകിയത്. എന്നാൽ ഈ കരാർ നൽകിയതിന് ശേഷം അതിനെതിരെ ലാ ലിഗ നിയമം ഉണ്ടാക്കി കോടതിയെ സമീപിച്ചു. ഇതൊരു കോടതി തള്ളിയെങ്കിലും വീണ്ടും അപ്പീൽ പോയ ലാ ലീഗയുടെ നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ സ്പാനിഷ് ജഡ്ജ് താരത്തിന്റെ കരാർ റദ്ദാക്കിയത്.
🚨 A court in Barcelona has canceled Gavi’s contract renewal registration, resulting in his removal as a first-team player at the moment. #FCBlive [@relevo] pic.twitter.com/Yak90RAOFR
— Football Talk (@FootballTalkHQ) March 13, 2023
ലാ ലിഗ സമ്മർദ്ദം ചെലുത്തിയെങ്കിലും സിവിസി കരാർ ഒപ്പുവെക്കാൻ ബാഴ്സലോണ തയ്യാറായില്ല. റയൽ മാഡ്രിഡും കരാർ ഒപ്പു വെച്ചില്ലെങ്കിലും അവർ യാതൊരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നില്ല. അതേസമയം മുൻപത്തെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത കാരണം ബാഴ്സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ആസ്തികൾ വിറ്റ് ഒരു പരിധി വരെ ബാഴ്സലോണ പിടിച്ചു നിന്നെങ്കിലും ലാ ലിഗ സമ്മർദ്ദം തുടർന്നു കൊണ്ടിരിക്കുകയാണ്.
വേതനബില്ലിന്റെ പ്രശ്നം കാരണം കരാർ റദ്ദാക്കപ്പെട്ടെങ്കിലും ഗാവിക്ക് ബാഴ്സലോണക്ക് വേണ്ടി കളിക്കാൻ കഴിയും. എന്നാൽ സീനിയർ ടീം താരമായി ഗാവിയെ രജിസ്റ്റർ ചെയ്തിരുന്നത് ഇല്ലാതാവും. ബി ടീം താരമെന്ന നിലയിലാവും ഗാവി ഇനി ടീമിനായി കളിക്കുക. രജിസ്റ്റർ ചെയ്ത ആറാം നമ്പർ ജേഴ്സിയണിയാനും താരത്തിന് കഴിയില്ല. കരാർ റദ്ദാക്കിയത് അടുത്ത സമ്മറിൽ താരത്തെ നഷ്ടപ്പെടാനും കാരണമായേക്കാം.