മെസി ആദ്യപകുതിയിൽ പിൻവലിക്കപ്പെടുന്നത് അത്യപൂർവം, കാരണം വെളിപ്പെടുത്തി ഇന്റർ മിയാമി പരിശീലകൻ | Messi
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അർജന്റീന ടീമിനൊപ്പം ചേർന്ന ലയണൽ മെസി രണ്ടു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇറങ്ങിയത്. ഇക്വഡോറിനെതിരെ നടന്ന മത്സരത്തിൽ ടീമിനായി വിജയഗോൾ നേടിയ താരം അതിനു പിന്നാലെ തന്നെ പിൻവലിക്കപ്പെട്ടിരുന്നു. ശാരീരികപ്രശ്നങ്ങൾ കാരണമാണ് ലയണൽ മെസി പിൻവലിക്കപ്പെട്ടത്. അതിനു ശേഷം ബൊളീവിയക്കെതിരെ അവരുടെ മൈതാനത്തു നടന്ന നിർണായക മത്സരത്തിൽ താരം ഇറങ്ങുകയും ചെയ്തില്ല.
അർജന്റീനയിൽ നിന്നും മടങ്ങിയെത്തി ഇന്റർ മിയാമിക്കൊപ്പം ചേർന്ന ലയണൽ മെസി മറ്റൊരു മത്സരത്തിൽ നിന്നുകൂടി വിട്ടു നിന്നു. അറ്റലാന്റ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിലാണ് മെസി കളിക്കാതിരുന്നത്. അറ്റ്ലാന്റാ യുണൈറ്റഡിന്റെ മൈതാനത്തെ കൃത്രിമടർഫാണ് മെസി മത്സരത്തിൽ കളിക്കാതിരിക്കാൻ കാരണമായതെന്ന വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചെ ടൊറന്റോ എഫ്സിക്കെതിരെ നടന്ന മത്സരത്തിന് ശേഷം താരത്തിന് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.
🚨 Gerardo Tata Martino on Lionel Messi and Jordi Alba being substituted: "They had to go out, we will evaluate them as the days go by." pic.twitter.com/NimF5fhbGC
— Roy Nemer (@RoyNemer) September 21, 2023
ടൊറന്റോ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മെസി ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും മുപ്പത്തിയേഴു മിനുട്ട് മാത്രമാണ് താരം കളത്തിലുണ്ടായത്. അതിനു ശേഷം തന്നെ പിൻവലിക്കാൻ പരിശീലകനോട് അഭ്യർത്ഥിച്ച് മെസി കളിക്കളം വിട്ടു. ലയണൽ മെസിക്ക് പകരം റോബർട്ട് ടെയ്ലറാണ് ഇറങ്ങിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി ഫിന്നിഷ് താരം ഗംഭീരപ്രകടനം നടത്തിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്റർ മിയാമി വിജയം നേടിയിരുന്നു.
Messi was on the pitch for just 37 minutes vs. Toronto before being removed.
It was just the 10th time in his career he has been substituted out of a game before halftime, for injury or otherwise. pic.twitter.com/Uk6FQWhxn8
— The Athletic (@TheAthletic) September 21, 2023
ലയണൽ മെസി കളിക്കളം വിടുന്നതിനു തൊട്ടു മുൻപ് ജോർദി ആൽബയും പരിക്ക് കാരണം മൈതാനം വിട്ടിരുന്നു. രണ്ടു പേരുടെയും പരിക്കിന്റെ നിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. മത്സരത്തിന് ശേഷം പരിശീലകൻ ടാറ്റ മാർട്ടിനോ പറഞ്ഞത് ഈ രണ്ടു താരങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ്. അവരെ പിൻവലിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ഇതുവരെ പത്തു തവണ മാത്രമാണ് ലയണൽ മെസി ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് കളിക്കളം വിടുന്നത്. ഇതിനു മുൻപ് അവസാനമായി ഇങ്ങിനെ സംഭവിച്ചത് അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഒക്ടോബർ മാസത്തിലാണ്. അതിനു പുറമെ ഇതിപ്പോൾ തുടർച്ചയായ രണ്ടാമത്തെ മത്സരമാണ് മെസി പൂർത്തിയാക്കാതിരിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ സംബന്ധിച്ച് ആരാധകർക്ക് ആശങ്കയുണ്ട്.
Tata Martino Talks About Messi Substitution