“റൊണാൾഡോയെ അവർ പാഴാക്കിക്കളഞ്ഞു, ലോകകപ്പിൽ താരത്തിന് രാഷ്ട്രീയവിലക്ക് ഉണ്ടായിരുന്നു”- വിചിത്രമായ വാദവുമായി തുർക്കി പ്രസിഡന്റ്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഏറ്റവും നിരാശ നൽകിയ ലോകകപ്പായിരിക്കും ഇത്തവണത്തേത്. ആദ്യത്തെ മത്സരത്തിൽ ഒരു ഗോൾ മാത്രം നേടിയ താരം പിന്നീട് മോശം ഫോമിനെ തുടർന്ന് ആദ്യ ഇലവനിൽ നിന്നു തന്നെ പുറത്തായി. പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ ടൂർണമെന്റിൽ തന്റെ പ്രധാന എതിരാളിയായ ലയണൽ മെസി കിരീടം ഉയർത്തുന്നത് റൊണാൾഡോക്ക് കാണേണ്ടി വന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസി തന്നെയാണെന്ന് റൊണാൾഡോയെ പിന്തുണച്ചിരുന്നവർ വരെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതേസമയം ഖത്തർ ലോകകപ്പിൽ റൊണാൾഡോയുടെ മോശം ഫോമിനെക്കുറിച്ഛ്ച്ച വിചിത്രമായ വാദവുമായി രംഗത്തു വന്നിരിക്കുകയാണ് തുർക്കിയുടെ പ്രസിഡന്റായ റെസീപ്പ് തയ്യിപ് എർദോഗൻ. റൊണാൾഡോ മോശം പ്രകടനം നടത്താൻ കാരണം താരത്തിനു മേൽ വന്ന രാഷ്ട്രീയ വിലക്കാണെന്നും പലസ്തീനെ അനുകൂലിച്ചു നിൽക്കുന്നതു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. പോർച്ചുഗൽ മനഃപൂർവം താരത്തിന്റെ മനക്കരുത്തും ആത്മവിശ്വാസവും തകർക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണമാണ് എർദോഗൻ നടത്തിയതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
🚨 Cristiano Ronaldo's failure at the World Cup was because of 'political ban' claims Turkish president Erdogan pic.twitter.com/ahpUdRDdiC
— SPORTbible (@sportbible) December 26, 2022
“അവർ റൊണാൾഡോയെ പാഴാക്കി കളഞ്ഞു. ദൗർഭാഗ്യവശാൽ അവരൊരു രാഷ്ട്രീയവിലക്ക് താരത്തിനു മേൽ ഏർപ്പെടുത്തി. മത്സരത്തിൽ മുപ്പതു മിനുട്ട് മാത്രം ബാക്കി നിൽക്കെ റൊണാൾഡോയെ പോലൊരു താരത്തെ മൈതാനത്തേക്ക് ഇറക്കി വിടുന്നത് അദ്ദേഹത്തിന്റെ മാനസികമായ നിലയെ ബാധിക്കുകയും ഊർജ്ജം ഇല്ലാതാക്കുകയും ചെയ്തു. പലസ്തീനിലെ വിഷയങ്ങളിൽ അവർക്ക് പിന്തുണ നൽകുന്ന വ്യക്തിയാണ് റൊണാൾഡോ.” കഴിഞ്ഞ ദിവസം നടന്ന ഒരു യൂത്ത് മീറ്റിങ്ങിൽ എർദോഗൻ പറഞ്ഞത് ഇംഗ്ലീഷ് മാധ്യമം ദി മിറർ റിപ്പോർട്ടു ചെയ്തു.
എർദോഗൻ ഈ പ്രതികരണം നടത്തിയെങ്കിലും പലസ്തീൻ വിഷയത്തിൽ റൊണാൾഡോ പരസ്യമായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ഒരിക്കൽ പലസ്തീൻ ഫുട്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് സ്കാർഫ് അണിഞ്ഞ് താരം നിന്നിരുന്നു. അതുപോലെ തന്നെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഒരു ജേഴ്സി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റൊണാൾഡോ പലസ്തീനെ പിന്തുണക്കുന്നുണ്ട് എന്ന് പറയാൻ കഴിയില്ല. താരത്തെ വെച്ച് രാഷ്ട്രീയമുതലെടുപ്പിനു തുർക്കിഷ് പ്രസിഡന്റ് ശ്രമിക്കുകയാണെന്നാണ് കരുതേണ്ടത്.