റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയിൽ കണ്ണുവെച്ച് രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ അതിനു കഴിഞ്ഞില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്ന റൊണാൾഡോ പരിശീലകനായ എറിക് ടെൻ ഹാഗിനു കീഴിൽ കൂടുതലും പകരക്കാരനായാണ് ഇപ്പോൾ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോ ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടരുമെന്ന റിപ്പോർട്ടുകൾ ശക്തമായുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സി അണിയുന്നത് റൊണാൾഡോയാണ്. ജോർജ് ബെസ്റ്റ്, എറിക് കന്റോണ, ഡേവിഡ് ബെക്കാം തുടങ്ങിയ ഇതിഹാസങ്ങൾ അണിഞ്ഞിരുന്ന ഏഴാം നമ്പർ ജേഴ്സി റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ മറ്റു താരങ്ങൾക്ക് ലഭ്യമാകും. നിലവിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു താരങ്ങൾക്ക് റൊണാൾഡോ ക്ലബ് വിട്ടാൽ ഏഴാം നമ്പർ ജേഴ്സി തങ്ങൾക്കു ലഭിക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസിന്റെ റിപ്പോർട്ടുകൾ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഇംഗ്ലീഷ് താരം ജാഡൻ സാഞ്ചോ, ഇക്കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ അയാക്സിൽ നിന്നും വന്ന ആന്റണി എന്നിവരാണ് റൊണാൾഡോ ക്ലബ് വിടുമ്പോൾ താരത്തിന്റെ ഏഴാം നമ്പർ ജേഴ്സി ആഗ്രഹിക്കുന്നത്. ജനുവരിയിൽ റൊണാൾഡോ ക്ലബ് വിട്ടില്ലെങ്കിലും ഇതു താരത്തിന്റെ കരാറിലെ അവസാനത്തെ വർഷമാണെന്നിരിക്കെ ഏഴാം നമ്പർ ജേഴ്സി അടുത്ത സമ്മറിലെങ്കിലും ലഭ്യമാകും എന്നാണു ഈ താരങ്ങൾ പ്രതീക്ഷിക്കുന്നത്.
The battle to inherit Cristiano Ronaldo's number 7 shirt is on.
— Sports Brief (@sportsbriefcom) September 27, 2022
The number 7 jersey is often considered an iconic one in football circles, mainly due to the success CR7 has achieved while wearing it.https://t.co/UyjB6IXbPr
ബൊറൂസിയ ഡോർട്മുണ്ടിൽ ആയിരുന്ന സമയത്ത് ജാഡൻ സാഞ്ചോ അണിഞ്ഞിരുന്നത് ഏഴാം നമ്പർ ജേഴ്സി ആയിരുന്നു. എറിക് ടെൻ ഹാഗിനു കീഴിൽ ഈ സീസണിൽ ഫോം കണ്ടെത്തിക്കൊണ്ടിരിക്കുന്ന താരം ഇപ്പോൾ ഇരുത്തിയഞ്ചാം നമ്പർ ജേഴ്സിയാണ് അണിയുന്നത്. അതേസമയം ഈ സീസണിൽ മികച്ച പ്രകടനം നടത്തി ഏഴാം നമ്പർ ജേഴ്സി നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീലിയൻ താരം ആന്റണി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാംപിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മത്സരം ഉണ്ടാകാനുള്ള സാധ്യതയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഈ രണ്ടു താരങ്ങൾക്കും ഏഴാം നമ്പർ ജേഴ്സി അണിയാനുള്ള യോഗ്യതയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെങ്കിലും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ഏഴാം നമ്പർ ജേഴ്സി അണിഞ്ഞവർക്കൊന്നും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന മുൻകാല ചരിത്രം അവർക്ക് ആശങ്കയാണ്. അലക്സിസ് സാഞ്ചസ്, മെംഫിസ് ഡീപേയ്, ഏഞ്ചൽ ഡി മരിയ എന്നീ താരങ്ങളെല്ലാം അതിലുൾപ്പെടുന്നു.