ടീമിന്റെ തന്ത്രങ്ങളിൽ നിന്നല്ല ഗോളുകൾ പിറന്നത്, ബ്ലാസ്റ്റേഴ്സിന്റെ തോൽവിയെക്കുറിച്ച് പരിശീലകൻ
ഒഡിഷ എഫ്സിക്കെതിരെ ഇന്നലെ നടന്ന ഐഎസ്എൽ മത്സരത്തിൽ നേടിയ ലീഡ് തുലച്ച് കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയതിൽ നിരാശ പ്രകടിപ്പിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മത്സരത്തിന്റെ നിയന്ത്രണം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു എങ്കിലും പല സമയത്തും ടീമിന്റെ താളം നഷ്ടമായിരുന്നുവെന്ന് പറഞ്ഞ പരിശീലകൻ കളിയിൽ പിറന്ന മൂന്നു ഗോളുകളും ടീമിന്റെ തന്ത്രങ്ങളുടെ ഭാഗമായി വന്നതല്ലെന്നും അഭിപ്രായപ്പെട്ടു.
“എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾ അതുപോലെയുള്ള ഗോളുകൾ വഴങ്ങുകയും സ്വയം സംശയത്തിന് ഇടയാക്കുകയും ചെയ്തു. എന്നാൽ ആദ്യത്തെ ഗോളിന് ശേഷവും ഞങ്ങൾക്കറിയാമായിരുന്നു എന്താണ് ഞങ്ങൾക്ക് വേണ്ടതെന്ന്. എന്നാൽ രണ്ടാമത്തെ ഗോൾ പിറന്നതോടെ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ വളരെ നിരാശനായി.”
“രണ്ടു ടീമുകൾക്കും ഗോളുകൾ നേടാനുള്ള അവസരം ഉണ്ടായിരുന്നു. മത്സരം മോശമാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. ചില സമയത്ത് ഒഫിഷ്യൽസിനു തന്നെ അവരുടെ തീരുമാനങ്ങളിലുള്ള നിയന്ത്രണം നഷ്ടമായി. അത് കളിക്കാർക്ക് നിരാശ നൽകി, മത്സരഫലത്തിലും ഞങ്ങൾ അസന്തുഷ്ടരാണ്. ഞങ്ങൾ അടുത്ത മത്സരത്തിനു തയ്യാറെടുക്കാൻ വീണ്ടും ഒത്തുചേരേണ്ടതുണ്ട്.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
🗣️ Kerala Blasters boss Ivan Vukomanovic on Odisha loss:
— Dakir Thanveer (@ZakThanveer) October 23, 2022
"We knew that today's game would be ugly. We knew that there would be fights over every ball, many duels that you'd have to fight, especially aerial duels, especially the so-called second balls."#KBFC #YennumYellow
മത്സരത്തിൽ തന്ത്രപരമായ നീക്കങ്ങൾ ടീമുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചില്ലെന്നും ഇവാൻ പറഞ്ഞു. ഗോളുകൾ നോക്കിയാൽ ഒരെണ്ണം സെറ്റ് പീസിൽ നിന്നും ഒരെണ്ണം ത്രോ ഇന്നിൽ നിന്നും അവസാനത്തെ ഗോൾ കീപ്പറുടെ ലോങ്ങ് പാസ് പിടിച്ചെടുത്ത് നേടിയതുമാണ് ഇവാൻ ചൂണ്ടിക്കാണിക്കുന്നത്. അവസാനത്തെ ഗോൾ കളിക്കാരന്റെ വ്യക്തിപരമായ മികവിനെയാണ് കാണിച്ചു തരുന്നതെന്നു പറഞ്ഞ ഇവാൻ അതൊരു മികച്ച ഗോളായിരുന്നുവെന്നും പറഞ്ഞു.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും ലീഡ് നേടിയതിനു ശേഷം തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സമ്മർദ്ദത്തിലേക്ക് പോയിരിക്കുകയാണ്. ഇതോടെ ആരാധകരുടെ പ്രതിഷേധവും ടീമിനെതിരെ ഉയരാൻ സാധ്യതയുണ്ട്. അടുത്ത മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.