ലൂണയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളെന്ത്, വുകോമനോവിച്ച് വെളിപ്പെടുത്തുന്നു
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആശങ്കകൾ ഒന്നും തന്നെയില്ല. കഴിഞ്ഞ മത്സരത്തിൽ ഗോവ തോൽവി വഴങ്ങിയതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനായി ഇറങ്ങുന്നതിനു മുന്നേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. എങ്കിലും മികച്ച പ്രകടനം നടത്തി ടീമിന്റെ തയ്യാറെടുപ്പുകൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോവുകയെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
അതേസമയം ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നാല് മഞ്ഞക്കാർഡുകൾ ലഭിച്ചാൽ ഒരു മത്സരം നഷ്ടമാകുമെന്ന നിയമമാണ് ലൂണക്ക് അടുത്ത മത്സരം നഷ്ടമാകാൻ കാരണമായത്. എന്നാൽ താരത്തിന്റെ അഭാവത്തിലും ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ കഴിയുമെന്ന വിശ്വാസം പരിശീലകനുണ്ട്.
“സീസൺ തുടങ്ങുമ്പോൾ തന്നെ യെല്ലോ കാർഡ് റൂൾ കാരണം താരങ്ങളെ നഷ്ടമാകാനുള്ള സാധ്യത ഞങ്ങൾ കാണുന്നതാണ്. കഴിഞ്ഞ സീസണിൽ ലൂണയെ ചില മത്സരങ്ങളിൽ നഷ്ടമായിരുന്നു. ഫുട്ബോളിൽ ഇത് സ്വാഭാവികമായ കാര്യമാണ്. ഞങ്ങൾക്ക് ടീമിലേക്ക് വരാൻ കഴിയുന്ന മികച്ച താരങ്ങളുണ്ടെന്നതിനാൽ ഇതൊരു പ്രശ്നമല്ല. ഒരു സ്ട്രൈക്കറെയോ മിഡ്ഫീൽഡറെയോ ഉൾപ്പെടുത്താണോ എന്നാലോചിക്കാം. അവസാനത്തെ ട്രെയിനിങ് സെഷന് ശേഷം തീരുമാനമെടുക്കും.” വുകോമനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞു.
🎙️ Read Kerala Blasters boss Ivan Vukomanovic's pre-ATK Mohun Bagan PC in full, incl:
— Dakir Thanveer (@ZakThanveer) February 17, 2023
💪 Fight for top four
🏃 Leskovic is back
🙌 #ATKMohunBagan the best
🤔 Adrian Luna worry#KBFC #YennumYellow #ഒന്നായിപോരാടാം #Indianfootball #ISL #LetsFootball
Read:https://t.co/TUnPENTbXn
എടികെ മോഹൻ ബഗാനെതിരെ അവരുടെ മൈതാനത്ത് ഇറങ്ങുമ്പോൾ ചെറിയൊരു പ്രതികാരം നിറവേറ്റണമെന്ന ആഗ്രഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സീസണിൽ രണ്ടു ടീമുകളും തമ്മിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ തോൽവി ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഏറ്റു വാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ അവരുടെ മൈതാനത്ത് വിജയം നേടാനായിരിക്കും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുക.