വലിയൊരു ആരാധകപ്പടയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്തിയ വാക്ക്-ഔട്ട്, ഇവാനു മാത്രം കഴിയുന്ന കാര്യമെന്ന് ഇഎസ്പിഎൻ | Vukomanovic
ഇന്ത്യൻ ഫുട്ബോളിനെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവം നടന്നത് കഴിഞ്ഞ ഐഎസ്എൽ സീസണിന്റെ ഇടയിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരത്തിനിടെ സുനിൽ ഛേത്രി തെറ്റായി നേടിയ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ കളിക്കാരെ മൈതാനത്തു നിന്നും തിരിച്ചു വിളിച്ചു. ഇന്ത്യൻ ഫുട്ബോളിലെ തന്നെ അപൂർവമായ സംഭവമായിരുന്നു അത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ്ങിനെതിരെ ക്ലബുകളുടെ പരിശീലകർ നിരവധി തവണ പരാതികൾ പറഞ്ഞിട്ടുണ്ടെങ്കിലും ഈ സംഭവത്തോടെ പ്രതിഷേധം ശക്തമായി. ലീഗിന്റെ വളർച്ചക്ക് റഫറിയിങ് പിഴവുകൾ ഒഴിവാക്കേണ്ടതാണെന്നും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരണമെന്നും ഒരുപാട് പേർ അഭിപ്രായപ്പെട്ടു. ഇവാനും കേരള ബ്ലാസ്റ്റേഴ്സിനുമെതിരെ നടപടി ഉണ്ടായെങ്കിലും വലിയ രീതിയിലുള്ള ഇത്തരം ചർച്ചകൾ ഉണ്ടാകാൻ അത് കാരണമായെന്നതിൽ സംശയമില്ല.
Walking out of a knockout game is unprecedented as is. But can you do that as a manager and have the entire fanbase rally behind you as one? If you're Ivan Vukomanovic, it's not even a question that you can.
🔗: https://t.co/yA5TTQIxHt | #ESPNIndiaAwards pic.twitter.com/s76gycUflL
— ESPN India (@ESPNIndia) December 31, 2023
കഴിഞ്ഞ ദിവസം പ്രമുഖ കായികമാധ്യമമായ ഇഎസ്പിഎൻ 2023ൽ ഇന്ത്യൻ കായികരംഗത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ പട്ടികപ്പെടുത്തിയപ്പോൾ അതിൽ ഒരെണ്ണം ഇവാൻ വുകോമനോവിച്ചിന്റെ വാക്ക് ഔട്ട് ആയിരുന്നു. ഒരു നോക്ക്ഔട്ട് മത്സരത്തിൽ വിജയിക്കാനുള്ള സാധ്യത ഉണ്ടായിട്ടും അതിൽ നിന്നും വാക്ക്ഔട്ട് ചെയ്യാനുള്ള തീരുമാനം എടുത്താൽ സാധാരണയായി ആരാധകർ പരിശീലകന് എതിരാവുകയാണ് ചെയ്യുകയെങ്കിൽ ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Ivan Vukomanovic’s infamous ‘walkout’ in the ISL 22/23 features in @ESPNIndia’s Moment of the Year – 2023 👀🚶 pic.twitter.com/ywTAn15bf1
— 90ndstoppage (@90ndstoppage) December 31, 2023
നോക്ക്ഔട്ട് മത്സരത്തിൽ തന്റെ ടീമിനെയും കൂട്ടി മൈതാനം വിടാനുള്ള തീരുമാനം എടുത്തത് ഇവാനെ ആരാധകരുടെ ഇടയിൽ ഒരു ഹീറോയാക്കി മാറ്റുകയാണ് ചെയ്തതെന്നും അത് അസാധാരണമായ ഒരു സംഭവമാണെന്നും അവർ പറയുന്നു. മറ്റു ടീമുകളിൽ ഇതുപോലെയൊരു സംഭവം നടന്നാൽ പരിശീലകന്റെ ജോലി വരെ നഷ്ടപ്പെടാൻ കാരണമാകുമെങ്കിൽ ഇവിടെ ആ തീരുമാനത്തിന് തൊട്ടു പിന്നാലെ ആരാധകർ തങ്ങളുടെ പരിശീലകന് പിന്തുണ നൽകാനെത്തുകയാണ് ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് കാരണം ആരാധകർക്ക് ക്ഷമ കെട്ടതു കൊണ്ടാണ് ഇവാൻ വുകോമനോവിച്ചിന് ആരാധകർ പിന്തുണ നൽകിയത്. അതിനു പിന്നാലെ റഫറിയിങ്ങിനെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഇതിനു ശേഷം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2025ഓടെ ഇത് നടപ്പിൽ വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇവാന്റെ വാക്ക്ഔട്ട് മാത്രമാണ് ഫുട്ബോളിൽ നിന്നും ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള സംഭവം. ഇതിനു പുറമെ ഏഷ്യൻ ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ പാറുൽ ചൗധരിയുടെയും ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെയും സ്വർണനേട്ടം, 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജിയുടെ സിൽവർ മെഡൽ നേട്ടം, ബാഡ്മിന്റണിൽ സാത്വിക് നേടിയ സ്വർണം, ഏഷ്യൻ പാരാ ഗെയിംസിൽ ശീതൾ ദേവി നേടിയ സ്വർണം എന്നിവയാണ് ലിസ്റ്റിലുള്ളത്.
Vukomanovic Walk Out Listed As Best Moments Of 2023