മെസി-റൊണാൾഡോ യുഗത്തിന് അവസാനമായി, സമകാലീന ഫുട്ബോളിലെ മികച്ച താരത്തെ വെളിപ്പെടുത്തി റൂണി | Wayne Rooney

നിരവധി വർഷങ്ങൾ ഫുട്ബോൾ ലോകത്ത് മറ്റാർക്കും മുന്നിൽ വരാൻ കഴിയാത്ത രീതിയിൽ അടക്കി ഭരിച്ച താരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പന്ത്രണ്ടു ബാലൺ ഡി ഓർ നേട്ടങ്ങൾ ഇരുവരും ചേർന്നു സ്വന്തമാക്കിയെന്നതു തന്നെ ഈ താരങ്ങളുടെ മികവിനെ വ്യക്തമാക്കുന്നു. ഫുട്ബോൾ ലോകത്ത് ഇപ്പോഴും മെസിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ചർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

മെസി ഇപ്പോഴും യൂറോപ്പിൽ മികച്ച ഫോമിൽ കളിക്കുമ്പോൾ റൊണാൾഡോ സൗദിയിലേക്ക് ചേക്കേറിയിരുന്നു. അതേസമയം ഫുട്ബോൾ ലോകത്തെ ഒരുപാട് കാലമായി അടക്കി ഭരിച്ചിരുന്ന ലയണൽ മെസി, എന്നിവരുടെ ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി പറയുന്നത്. സമകാലീന ഫുട്ബോളിലെ മികച്ച താരം ആരാണെന്നും റൂണി കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി.

“എർലിങ് ഹാലാൻഡാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരം. ലയണൽ മെസിയാണ് ഏറ്റവും മഹത്തായ താരം. എന്നാൽ ഇപ്പോൾ ഹാലൻഡിനേക്കാൾ മികച്ചതായി ആരും കളിക്കുന്നില്ല. ഞാനും ആ പൊസിഷനിൽ റെക്കോർഡുകൾ തകർത്തിട്ടുണ്ട്, എന്റെ ശ്വാസം പോലും നിലച്ചു പോകുന്ന തലത്തിലേക്കാണ് ഹാലാൻഡ് ഗോളുകൾ അടിച്ചുകൂട്ടി മുന്നേറുന്നത്.” ദി ടൈംസിനോട് സംസാരിക്കുമ്പോൾ റൂണി പറഞ്ഞു.

“നേടുന്ന ഗോളുകളുടെ എണ്ണം കൊണ്ടും, നൽകുന്ന പ്രകടനത്തിന്റെ നിലവാരം കൊണ്ടും, താരം കാഴ്‌ച വെക്കുന്ന മികച്ച നിലവാരം കൊണ്ടും ഹാലാൻഡ് തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.” റൂണി പറഞ്ഞു. മെസി-റൊണാൾഡോ യുഗത്തിന് അവസാനമായെന്നും ഇപ്പോൾ ഹാലാൻഡ്-എംബാപ്പെ യുഗത്തിലൂടെയാണ് കടന്നു പോകുന്നതെന്നും റൂണി പറഞ്ഞു.

ഈ സീസണിൽ മൂന്നു കിരീടങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി ലക്‌ഷ്യം വെക്കുന്നത്. പ്രീമിയർ ലീഗിൽ ആഴ്‌സനലിനെ മറികടക്കാൻ അവസരമുള്ള അവർ ചാമ്പ്യൻസ് ലീഗ് സെമിയിലും എത്തിയിട്ടുണ്ട്. അതിനു പുറമെ എഫ്എ കപ്പ് ഫൈനലിലും ടീം എത്തിയിട്ടുണ്ട്. എന്നാൽ ഹാലാൻഡ് എന്ന ഒരൊറ്റ താരത്തിൽ കേന്ദ്രീകരിച്ചു കളിച്ചല്ല മാഞ്ചസ്റ്റർ സിറ്റി വിജയങ്ങൾ സ്വന്തമാക്കുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം.

Wayne Rooney Names Haaland Is The Best Player In The World