“ഇതു ക്ലബിന്റെ പിഴവാണ്, ഈ തീരുമാനത്തിൽ ഫ്രഞ്ച് ഫുട്ബോളും പിഎസ്‌ജിയും നിരാശപ്പെടും” | Lionel Messi

ലയണൽ മെസി പിഎസ്‌ജി വിടുന്നതിന്റെ തൊട്ടരികിലാണെന്ന് ഇപ്പോൾ വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്ഷം അവസാനം നടന്ന ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന കിരീടം നേടിയതോടെ ഫ്രഞ്ച് ആരാധകർ തനിക്കെതിരെ തിരിഞ്ഞതും ലയണൽ മെസി ക്ലബ് വിടാനുള്ള തീരുമാനത്തിന് ശക്തമായ കാരണമായി.

ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിനു പിന്നാലെ ലയണൽ മെസിയെ ഫ്രാൻസിലെ ആരാധകർ വളരെ ശക്തമായാണ് വിമർശിച്ചത്. അതിനു ശേഷമുള്ള മൂന്നോളം മത്സരങ്ങളിൽ ആരാധകർ ലയണൽ മെസിയെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൂക്കി വിളിച്ചിരുന്നു. ആരാധകരുടെ ഈയൊരു സമീപനത്തിൽ ലയണൽ മെസി വളരെയധികം അസ്വസ്ഥനായിരുന്നു. ഇത് താരം ക്ലബ് വിടാനുള്ള തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്‌തു.

അതേസമയം ലയണൽ മെസിയെ ഒഴിവാക്കുന്നതിനെ ശക്തമായതാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ വിമർശിച്ചത്. ഈ സാഹചര്യം ശരിയായില്ലെങ്കിൽ ലയണൽ മെസി ക്ലബ് വിടുമെന്നും അതിൽ ഫ്രഞ്ച് ഫുട്ബോൾ ലോകം നിരാശപ്പെടുമെന്നുമാണ് അവർ പറയുന്നത്. ലയണൽ മെസിയുടെ നിരവധി ആരാധകർ താരത്തെ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്‌തതെന്ന്‌ കരുതുന്നതെന്നും അവർ പറയുന്നു.

ഇതുപോലെയൊരു സാഹചര്യം വന്നത് ക്ലബിന്റെ തെറ്റായ നയങ്ങളുടെ കൂടി ഭാഗമായാണെന്നാണ് എൽ എക്വിപ്പെ പറയുന്നത്. സ്പോർട്ടിങ് വശത്തെക്കാൾ ക്ലബ് പ്രാധാന്യം നൽകുന്നത് വാണിജ്യപരമായ കാര്യങ്ങളാണെന്നും അതിന്റെ ഭാഗമായാണ് ഇതുപോലെയുള്ള അവസ്ഥ ക്ലബിന് നേരിടേണ്ടി വന്നതെന്നും അവർ പറയുന്നു. പിഎസ്‌ജി നേതൃത്വത്തിനെതിരെ അവർ തുടർന്നും വിമർശനങ്ങൾ നടത്തി.

ലക്ഷ്യബോധമില്ലാതെ വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടിയത് പിഎസ്‌ജിയെ സംബന്ധിച്ച് വലിയൊരു പിഴവ് തന്നെയാണ്. ഈ താരങ്ങളെ ഒത്തൊരുമയുള്ള ഒരു സംഘമാക്കി മാറ്റാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം മെസി ക്ലബ് വിട്ടാൽ പിഎസ്‌ജി ആരാധകർ നിരാശപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ക്ലബിനായി മികച്ച ഫോമിൽ കളിക്കുന്ന താരം എംബാപ്പെയുമായി വലിയ ഒത്തിണക്കം കാണിക്കുന്നുണ്ട്.

L’Equipe Slams PSG Lionel Messi Treatment