പിക്വയുടെ പിഴവിനു മാപ്പില്ല, കടുത്ത തീരുമാനങ്ങളുമായി സാവി
ബാഴ്സലോണയ്ക്ക് വളരെയധികം നിരാശ സമ്മാനിച്ചാണ് ഇന്റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന ബാഴ്സലോണ മത്സരത്തിൽ പരാജയം ഒഴിവാക്കിയതു തന്നെ ബുദ്ധിമുട്ടിയാണ്. ഡെംബലെ നേടിയ ഗോളിൽ ബാഴ്സലോണ മുന്നിലെത്തിയെങ്കിലും ജെറാർഡ് പിക്വയുടെ പിഴവിൽ സമനില ഗോൾ നേടിയ ഇന്റർ മിലാൻ പിന്നീട് രണ്ടു തവണ കൂടി മുന്നിലെത്തി എങ്കിലും റോബർട്ട് ലെവൻഡോസ്കിയുടെ ഇരട്ടഗോളുകൾ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.
മത്സരത്തിന്റെ അൻപതാം മിനുട്ടിലാണ് പിക്വയെപ്പോലൊരു പരിചയസമ്പന്നനായ താരത്തിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പിഴവു വരുന്നത്. ഇന്റർ മിലാൻ എടുത്ത ഫ്രീ കിക്കിൽ അവരെ ഓഫ്സൈഡ് ട്രാപ്പിൽ കുടുക്കാനുള്ള ഡിഫെൻസിവ് ലൈനിനൊപ്പം നിൽക്കാൻ പിക്വ പരാജയപ്പെട്ടപ്പോൾ ഓടിവന്ന് പന്തെടുത്ത ബാരെല്ല ഗോൾ നേടുകയായിരുന്നു. ബാരെല്ല പന്തെടുത്തതു പോലുമറിയാതെ എല്ലാം സുരക്ഷിതമാണ് എന്ന അർത്ഥത്തിൽ പിക്വ കൈവീശിക്കാണിക്കുന്ന ചിത്രം നിരവധി ട്രോളുകൾക്ക് കാരണമാവുകയും ചെയ്തു. ഇന്റർ മിലാനെ മത്സരത്തിലേക്ക് പൂർണമായും തിരിച്ചു കൊണ്ടു വന്ന ഗോളായിരുന്നു അത്.
പിക്വയുടെ പിഴവ് പരിശീലകനായ സാവി ഹെർണാണ്ടസിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സലോണ ഇനി കളിക്കേണ്ടത് റയൽ മാഡ്രിഡിനെതിരെയുള്ള മത്സരമാണ് എന്നിരിക്കെ ജെറാർഡ് പിക്വയെ ആദ്യ ഇലവനിൽ ഇറക്കാൻ സാവി തയ്യാറാവില്ലെന്ന് കാറ്റലൂണിയൻ മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുന്നു. ടീമിലുള്ള നിരവധി പ്രതിരോധതാരങ്ങൾ പരിക്കേറ്റു പുറത്തു പോയതിൽ ഫ്രഞ്ച് താരം ജൂൾസ് കൂണ്ടെ തിരിച്ചെത്തുകയാണെങ്കിൽ പിക്വ അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകില്ല.
🚨🥇| Xavi has come to the conclusion that Gerard Pique no longer has the level required for big games. It’s pretty much a given that this is Pique’s last year at Barca. [@fansjavimiguel] #fcblive pic.twitter.com/09oDByZYDN
— BarçaTimes (@BarcaTimes) October 13, 2022
കൂണ്ടെ തിരിച്ചു വരികയാണെങ്കിൽ താരത്തെ റൈറ്റ്ബാക്കായാവും സാവി എൽ ക്ലാസിക്കോയിൽ കളിപ്പിക്കാൻ സാധ്യത. അങ്ങിനെയാണെങ്കിൽ എറിക് ഗാർസിയ, മാർക്കോസ് അലോൺസോ എന്നിവരാവും സെൻട്രൽ ഡിഫെൻസിൽ കളിക്കുക. അതല്ലെങ്കിൽ കൂണ്ടെയെ സെൻട്രൽ ഡിഫെൻസിൽ സാവി കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങിനെയാണെങ്കിൽ ബാൾഡെ റൈറ്റ് ബാക്കായി ഇറങ്ങി മാർക്കോസ് അലോൺസോ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മാറി കൂണ്ടെ, ഗാർസിയ എന്നിവരാവും സെൻട്രൽ ഡിഫെൻസിൽ ഇറങ്ങുക. ഇതിനു പുറമെ ഈ സീസൺ ബാഴ്സയിൽ പിക്വയുടെ അവസാനത്തേതാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ബാഴ്സലോണയെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ടിലെത്താൻ ഇനി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ. അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയും ഇന്റർ മിലാൻ രണ്ടു മത്സരങ്ങളിലും പോയിന്റ് നഷ്ടപെടുത്തുകയും ചെയ്താലേ ബാഴ്സക്ക് നോക്ക്ഔട്ടിലെത്താൻ കഴിയൂ. നിലവിലെ സാഹചര്യത്തിൽ അതിനു യാതൊരു സാധ്യതയുമില്ല. അതേസമയം ബാഴ്സയുടെ ഇനിയുള്ള ലക്ഷ്യം ലാ ലിഗ കിരീടം തന്നെയാകും. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്സലോണ എൽ ക്ലാസിക്കോ വിജയം നേടി റയൽ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ തന്നെയാകും ശ്രമിക്കുക.