ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണു, വീഴ്‌ചയിലും ക്ലബിന് അഭിമാനിക്കാം

യൂറോപ്യൻ ഫുട്ബോൾ വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ഫുട്ബോൾ ലോകത്ത് വളരെയധികം ഓളം സൃഷ്‌ടിച്ച സംഭവമാണ്. ഖത്തർ ലോകകപ്പിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലെത്തിയത്. ഇതോടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായും ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് സൗദി ക്ലബായ അൽ നസ്റിനും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ വലിയ കുതിച്ചു ചാട്ടം ഒരൊറ്റ ട്രാൻസ്‌ഫറിൽ അവരുണ്ടാക്കി. ഫുട്ബോൾ ലോകം മുഴുവൻ അവരുടെ എല്ലാ മത്സരങ്ങളും റൊണാൾഡോയുടെ പ്രകടനവും ശ്രദ്ധിക്കാനാരംഭിച്ചു. അതേസമയം ഈ ട്രാൻസ്‌ഫർ കൊണ്ട് തിരിച്ചടി ലഭിച്ചത് മലയാളക്കരയുടെ അഭിമാനമായ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനാണെന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഇന്റെറാക്ഷൻസ് നടന്ന ഏഷ്യൻ ക്ലബുകളുടെ വിവരങ്ങൾ പുറത്തു വിട്ടപ്പോൾ അൽ നസ്ർ അതിൽ ബഹുദൂരം മുന്നിലാണ്. ഈ വർഷം ഫെബ്രുവരിയിലെ ഇൻസ്റ്റാഗ്രാം ഇന്റെറാക്ഷൻസിന്റെ കണക്ക് പുറത്തു വന്നപ്പോൾ 82.3 മില്യൺ ഇന്റെറാക്ഷനാണ് അൽ നസ്ർ ക്ലബിന് വന്നിരിക്കുന്നത്. ഇറാനിയൻ ക്ലബായ പേഴ്‌സിബ് 26 മില്യനോടെ രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ 21.9 മില്യണുള്ള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഈ വീഴ്‌ച നിരാശയാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുന്നിലാണ് വീണു പോയതെന്നതിൽ അവർക്ക് ആശ്വസിക്കാം. നേരത്തെ ഏഷ്യയിൽ തന്നെ ആരാധകബലത്തിന്റെ കാര്യത്തിലും സോഷ്യൽ മീഡിയയിലെ ഇടപെടലിന്റെ കാര്യത്തിലും മുന്നിലുണ്ടായിരുന്ന ക്ലബായ ബ്ലാസ്റ്റേഴ്‌സ് ആഗോള തലത്തിൽ തന്നെ അക്കാരണം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.