“ഫ്രാൻസ് ആരാധകർ കരച്ചിലൊന്നു നിർത്തണം”- അർജന്റീനയിൽ നിന്നുള്ള പുതിയ പെറ്റിഷനിൽ ഒപ്പുവെച്ചിരിക്കുന്നത് രണ്ടു ലക്ഷത്തോളം പേർ

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്നത്. മത്സരത്തിൽ ഒട്ടനവധി നിർണായക മുഹൂർത്തങ്ങൾ പിറന്നു എന്നതിനാൽ തന്നെ മത്സരത്തിനു ശേഷം പല തരത്തിലുള്ള വിവാദങ്ങളും ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ മത്സരം നിയന്ത്രിച്ച പോളിഷ് സ്വദേശിയായ റഫറിക്കെതിരെ ഫ്രാൻസിനെ അനുകൂലിക്കുന്നവരും അർജന്റീനക്ക് എതിരെ നിൽക്കുന്നവരുമെല്ലാം രംഗത്തെത്തി. റഫറിയെടുത്ത പല തീരുമാനങ്ങളും കൃത്യമായിരുന്നില്ലെന്നും അർജന്റീന വിജയം അർഹിച്ചിരുന്നില്ലെന്നുമാണ് ആരാധകർ പറഞ്ഞത്.

മത്സരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന പെറ്റിഷനും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മത്സരത്തിൽ റഫറി തെറ്റായ തീരുമാനങ്ങൾ എടുത്തതിനാൽ തന്നെ ഫിഫ ഫൈനൽ വീണ്ടും എടുക്കണമെന്നായിരുന്നു ഈ പെറ്റിഷനിൽ ഉണ്ടായിരുന്ന പ്രധാന കാര്യം. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആരാധകരാണ് ഇതിൽ ഒപ്പുവെച്ചത്. എന്നാൽ ഇതുപോലെയുള്ള പെറ്റിഷനുകൾ പ്രധാനപ്പെട്ട മത്സരങ്ങൾക്ക് ശേഷം സ്വാഭാവികമായും ഉണ്ടാകുമെന്നതിനാൽ ആരും അതു കാര്യമായി എടുക്കാറില്ലെന്നതാണ് വസ്‌തുത.

അതേസമയം ഫ്രാൻസിൽ നിന്നും വന്ന ഈ പെറ്റിഷന് അതുപോലെ തന്നെ മറുപടി നൽകിയിരിക്കുകയാണ് അർജന്റീന ആരാധകർ. ഇതിനു സമാന്തരമായി പുതിയൊരു പെറ്റിഷനുമായി അർജന്റീന ആരാധകർ രംഗത്തു വന്നിട്ടുണ്ട്. മത്സരത്തിൽ തോൽവി നേരിട്ടപ്പോൾ മുതൽ ഫ്രാൻസ് ആരാധകർ തുടങ്ങിയ കരച്ചിൽ നിർത്തൂവെന്നും അർജന്റീനയുടെ വിജയം അംഗീകരിക്കാനുമാണ് ഈ പെറ്റിഷനിൽ ആവശ്യപ്പെടുന്നത്. ലയണൽ മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും എംബാപ്പെ മെസിയുടെ മകനാണെന്ന് അംഗീകരിക്കാനും ഇതിലൂടെ ആരാധകർ ആവശ്യപ്പെടുന്നു. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇതിലിപ്പോൾ തന്നെ ഒപ്പുവെച്ചിട്ടുണ്ട്.

അർജന്റീന അപ്രമാദിത്വം സ്ഥാപിച്ച മത്സരത്തിൽ പിന്നീട് തിരിച്ചു വന്ന ഫ്രാൻസ് സമനില നേടി ഷൂട്ടൗട്ട് വരെ എത്തിച്ചെങ്കിലും വിജയം അർജന്റീനക്കൊപ്പം തന്നെ നിന്നു. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന നേടുന്ന ആദ്യത്തെ ലോകകപ്പായിരുന്നു ഇത്. ലോകകപ്പ് വിജയാഘോഷങ്ങളുടെ ഇടയിൽ അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് എംബാപ്പയെ കളിയാക്കിയതിനെതിരെയും വിമർശനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ താരം ഇതുവരെയും അതിനോട് പ്രതികരിച്ചിട്ടില്ല.

fpm_start( "true" ); /* ]]> */