നെയ്‌മറും എംബാപ്പയും പിഎസ്‌ജിക്കായി നടത്തുന്ന മികച്ച പ്രകടനം മെസിയെ എട്ടാം ബാലൺ ഡി ഓർ നേടാൻ സഹായിക്കും

ഖത്തർ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം നേടിയതിനു പുറമെ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ടും ലയണൽ മെസി സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്ന താരം ലോകകപ്പ് വിജയത്തോടെ 2023ൽ സമ്മാനിക്കാൻ പോകുന്ന ബാലൺ ഡി ഓറിന് ഏറ്റവും സാധ്യതയുള്ള കളിക്കാരനായി മാറി. 2023ലെ ബാലൺ ഡി ഓർ ലയണൽ മെസി സ്വന്തമാക്കിയാൽ കരിയറിലെ എട്ടാമത്തെ ബാലൺ ഡി ഓർ നേട്ടമായിരിക്കും മെസിയെ തേടിയെത്തുക.

ബാലൺ ഡി ഓറിൽ മെസിക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഒരേയൊരു താരം ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയ കിലിയൻ എംബാപ്പെയാണ്. ഹാട്രിക്കിനൊപ്പം ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ടും എംബാപ്പെ സ്വന്തമാക്കിയിരുന്നു. എന്നാൽ കിരീടം ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന നേടുകയും ഗോൾഡൻ ബോൾ മെസി സ്വന്തമാക്കുകയും ചെയ്‌തതിനാൽ അർജന്റീന താരത്തിന് തന്നെയാണ് സാധ്യത കൂടുതലുള്ളത്.

അടുത്ത വർഷം സമ്മാനിക്കുന്ന ബാലൺ ഡി ഓർ ഉറപ്പിക്കാൻ ലയണൽ മെസി ഇനി ചെയ്യേണ്ടത് തന്റെ ക്ലബായ പിഎസ്‌ജിക്കൊപ്പം സാധ്യമായ കിരീടങ്ങൾ നേടിയെടുക്കുകയെന്നതാണ്. ഫ്രഞ്ച് ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ പിഎസ്‌ജിക്ക് കഴിഞ്ഞാൽ ലയണൽ മെസി തന്നെയാവും ബാലൺ ഡി ഓർ നേടുക. പിഎസ്‌ജിയിൽ തന്നെയാണ് ബാലൺ ഡി ഓറിൽ മെസിയുടെ പ്രധാന എതിരാളിയായ എംബാപ്പെ കളിക്കുന്നത്. അതുകൊണ്ടു തന്നെ ഫ്രഞ്ച് ക്ലബ്ബിനെ വിജയത്തിലെത്തിക്കാൻ എംബാപ്പെ നേടുന്ന ഓരോ ഗോളും ഫലത്തിൽ ലയണൽ മെസിക്ക് ബാലൺ ഡി ഓർ നേടാനുള്ള സാധ്യത വർധിപ്പിക്കും.

ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി മികച്ച പ്രകടനമാണ് ലയണൽ മെസിയും എംബാപ്പെയും നടത്തുന്നത്. എംബാപ്പെ ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ ലയണൽ മെസി കൂടുതൽ ഗോളവസരങ്ങൾ ഉണ്ടാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനു പുറമെ ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറും തകർപ്പൻ ഫോമിൽ കളിക്കുന്നു. ലോകകപ്പിൽ ബ്രസീൽ നേരത്തെ പുറത്തായതിന്റെ ക്ഷീണം ചാമ്പ്യൻസ് ലീഗ് നേട്ടത്തോടെ മാറ്റാൻ ആഗ്രഹമുള്ള നെയ്‌മറും ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നുറപ്പാണ്.

ചുരുക്കി പറഞ്ഞാൽ ലോകകപ്പ് നേട്ടത്തോടെ എട്ടാം ബാലൺ ഡി ഓർ ഏറെക്കുറെ ഉറപ്പിച്ചു നിൽക്കുന്ന ലയണൽ മെസിയെ ഓരോ ഗോളുകൾ കൊണ്ടും ക്ലബിനൊപ്പമുള്ള ഓരോ കിരീടനേട്ടങ്ങൾ കൊണ്ടും ഈ താരങ്ങൾ അതു നേടിയെടുക്കാൻ സഹായിക്കുകയാണ് ചെയ്യുക എന്നുറപ്പാണ്. ഈ രണ്ടു താരങ്ങൾക്ക് ഇതുവരെ ബാലൺ ഡി ഓർ നേടിയിട്ടുമില്ല. ലയണൽ മെസിയും അതിനൊപ്പം മികച്ച പ്രകടനം നടത്തിയാൽ താരത്തിന് ഈ ലോകകപ്പിനൊപ്പം കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കി ഈ സീസൺ ഏറ്റവും മികച്ചതാക്കി മാറ്റാം. മികച്ച ഫോമിലുള്ള താരത്തിന് അതിനു കഴിയുകയും ചെയ്യും.