2022ൽ യൂറോപ്യൻ ടീമുകൾക്കെതിരെ നടന്ന എല്ലാ മത്സരവും വിജയിച്ച് അർജന്റീന, ലാറ്റിനമേരിക്കൻ ഫുട്ബോൾ മോശമാണെന്നു പറയുന്നവർ അറിയാൻ
ഖത്തർ ലോകകപ്പ് കിരീടം നേടിയതിനു ശേഷം അർജന്റീന ടീമിന്റെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് ഫ്രഞ്ച് താരമായ എംബാപ്പെക്കെതിരെ നടത്തിയ കളിയാക്കലുകൾ ഏറെ ചർച്ചകൾക്കു വിധേയമായ ഒന്നാണ്. നിരവധിയാളുകളാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. എംബാപ്പയുടെ കളിയാക്കൽ വംശീയപരമായ ഒന്നാണെന്നാണ് പലരും വാദിക്കുന്നതെങ്കിലും ലോകകപ്പിനു മുൻപ് ലാറ്റിനമേരിക്കൻ ഫുട്ബോളിന് യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരമില്ലെന്ന എംബാപ്പയുടെ പരാമർശം കാരണമാണ് എമിലിയാനോ താരത്തെ കളിയാക്കുന്നതെന്നു വ്യക്തമാണ്.
ലോകകപ്പിന് മുൻപൊരിക്കൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്ന് എംബാപ്പെ പറഞ്ഞത്. യൂറോപ്യൻ ടീമുകളെ അപേക്ഷിച്ച് നിലവാരമുള്ള ലീഗുകളും ടൂർണമെന്റുകളും അവിടെ നടക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ അവർക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെന്ന് കഴിഞ്ഞ ഏതാനും ലോകകപ്പുകളിൽ തെളിഞ്ഞതാണെന്നും എംബാപ്പെ പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിന് തൊട്ടു മുൻപ് നടന്ന പത്രസമ്മേളനത്തിൽ ഇതിനെതിരെ എമിലിയാനോ മാർട്ടിനസ് പ്രതികരിക്കുകയും ചെയ്തിരുന്നു.
🇫🇷Mbappe: "In South America, football is not as advanced as in Europe, that's why when you look at the last World Cups it's always Europeans who win.” pic.twitter.com/d8Gcr6aKbJ
— Barça Worldwide (@BarcaWorldwide) December 17, 2022
എംബാപ്പയുടെ വാക്കുകൾ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ വളരെയധികം താഴ്ത്തിക്കെട്ടുന്ന ഒന്നാണെങ്കിലും ഈ വർഷം അർജന്റീന യൂറോപ്യൻ ടീമുകൾക്കെതിരെ നടത്തിയ പ്രകടനം അതിനെ നിഷ്പ്രഭമാക്കുന്ന ഒന്നാണ്. ലോകകപ്പിലെ മത്സരമടക്കം ആറു തവണയാണ് അർജന്റീന യൂറോപ്യൻ ടീമുകൾക്കെതിരെ ഇറങ്ങിയത്. ഇതിൽ ആറെണ്ണത്തിലും ടീം വിജയം നേടി. പതിനെട്ടു ഗോളുകൾ ഈ ആറു മത്സരങ്ങളിൽ അർജന്റീന നേടിയപ്പോൾ അഞ്ചു ഗോളുകളാണ് അവർ വഴങ്ങിയത്. ആറിൽ നാല് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിയ അവർ രണ്ടു കിരീടങ്ങളും ഈ മത്സരങ്ങളിൽ നിന്നും സ്വന്തമാക്കി.
യൂറോ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരായ ഫൈനലിസമാ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച് കിരീടം നേടിയ അർജന്റീന അതിനു ശേഷം നടന്ന സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. അതിനു ശേഷം ലോകകപ്പിൽ പോളണ്ട്, ഹോളണ്ട്, ക്രൊയേഷ്യ, ഫ്രാൻസ് എന്നീ ടീമുകളെ നേരിട്ട അർജന്റീന ഇതിലെല്ലാം വിജയം നേടി. ഹോളണ്ട്, ഫ്രാൻസ് എന്നീ ടീമുകൾക്കെതിരെ പൂർണമായ ആധിപത്യം പുലർത്തി ലീഡ് നേടിയെങ്കിലും പിന്നീടത് തുലച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അർജന്റീനയുടെ വിജയം.
Martinez responds to Mbappe’s old comment that football in South America is 'not as advanced as in Europe'.https://t.co/Cnj8Lue0r4
— Express Sports (@IExpressSports) December 17, 2022
യൂറോപ്പിനെ അപേക്ഷിച്ച് മികച്ച ലീഗ് ലാറ്റിനമേരിക്കൻ ഫുട്ബോളിൽ ഇല്ലെങ്കിലും ലാറ്റിനമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നും വരുന്ന താരങ്ങളാണ് യൂറോപ്യൻ ഫുട്ബോളിനെ മികച്ചതാക്കുന്നത്. അതുകൊണ്ടു തന്നെ ഈ താരങ്ങൾ രാജ്യത്തിനായി ഒരുമിച്ച് നിർത്താൻ നല്ലൊരു പരിശീലകന് കഴിഞ്ഞാൽ അവർക്ക് ഏതൊരു ടീമിനെയും തോൽപ്പിക്കാൻ കഴിയും. ഖത്തർ ലോകകപ്പിൽ അർജന്റീന തെളിയിച്ചതും അതു തന്നെയാണ്.