“അടുത്ത തവണ മുഴുവൻ സ്ക്വാഡുമായി വരണേ”- വിജയത്തിനു പിന്നാലെ ലയണൽ മെസിയെ വെല്ലുവിളിച്ച് അറ്റ്ലാന്റാ യുണൈറ്റഡ് | Messi
ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമി പരാജയമറിയാതെ കുതിക്കുകയായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തോടെ ഇന്റർ മിയാമിയുടെ അപരാജിതകുതിപ്പിന് അവസാനമായിട്ടുണ്ട്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അറ്റ്ലാന്റാ യുണൈറ്റഡാണ് ഇന്റർ മിയാമിയെ കീഴടക്കിയത്. ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ശാരീരികാപരമായ അസ്വസ്ഥതകൾ വന്നതിനാൽ ലയണൽ മെസി അറ്റലാന്റ യുണൈറ്റഡിനെതിരെ കളിച്ചിരുന്നില്ല.
കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്ത ലിയനാർഡോ കാമ്പാനയുടെ ഗോളിൽ ഇന്റർ മിയാമിയാണ് മുന്നിലെത്തിയതെങ്കിലും ആദ്യപകുതിയിൽ തന്നെ അറ്റ്ലാന്റാ യുണൈറ്റഡ് അതിനു തീരുമാനമാക്കി നൽകി. ആദ്യപകുതി അവസാനിക്കുമ്പോൾ ഒരു സെൽഫ്ഗോൾ ഉൾപ്പെടെ മൂന്നു ഗോളുകൾ അവർ നേടി. അതിനു ശേഷം രണ്ടാം പകുതിയിൽ കാമ്പാന തന്നെ മറ്റൊരു ഗോൾ കൂടി നേടിയെങ്കിലും വീണ്ടും രണ്ടു ഗോൾ നേടി അറ്റ്ലാന്റാ യുണൈറ്റഡ് വിജയം ഉറപ്പിക്കുകയായിരുന്നു.
Tell ‘em to bring the whole squad next time 👋#WeAreTheA pic.twitter.com/AD9KriEb9Y
— Atlanta United FC (@ATLUTD) September 16, 2023
ഇന്റർ മിയാമിയുടെ പ്രധാന താരമായ ലയണൽ മെസിയും മറ്റൊരു താരമായ ആൽബയും മത്സരത്തിനായി ഉണ്ടായിരുന്നില്ലെങ്കിലും ബുസ്ക്വറ്റ്സ് കളിച്ചിരുന്നു. മത്സരത്തിലെ വമ്പൻ വിജയത്തിനു ശേഷം ലയണൽ മെസിയെ ഒന്നു വെല്ലുവിളിക്കാൻ അറ്റ്ലാന്റാ യുണൈറ്റഡ് മറന്നില്ല. മത്സരത്തിന്റെ വിജയത്തെക്കുറിച്ച് പോസ്റ്റ് ഇടുമ്പോൾ അതിൽ അവർ എഴുതിയത് “അടുത്ത തവണ മുഴുവൻ സ്ക്വാഡുമായി വരണം” എന്നായിരുന്നു. മെസി ഉണ്ടെങ്കിലും ഈ വിജയം സ്വന്തമാക്കാൻ കഴിയുമെന്നാണ് അതിലൂടെ ഉദ്ദേശിച്ചതെന്ന് വ്യക്തം.
Final from Atlanta #ATLvMIA pic.twitter.com/FcjSJuPKNc
— Inter Miami CF (@InterMiamiCF) September 16, 2023
അതേസമയം ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ആദ്യമായല്ല ഇന്റർ മിയാമിയും അറ്റ്ലാന്റാ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇതിനു മുൻപ് ലീഗ്സ് കപ്പിൽ ഈ രണ്ടു ടീമുകളും തമ്മിൽ കൊമ്പു കോർത്തിരുന്നു. ലയണൽ മെസിയും റോബർട്ട് ടെയ്ലറും ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമി നേടിയത്. മെസി ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മത്സരത്തിലും കളി മാറിയേനെ.
അതേസമയം അറ്റ്ലാന്റാ യുണൈറ്റഡിന്റെ പോസ്റ്റിനു ഇന്റർ മിയാമിയുടെയും മെസിയുടെയും ആരാധകർ മറുപടി നൽകുന്നുണ്ട്. ഫുൾ സ്ക്വാഡുമായി എത്തിയപ്പോൾ ഇന്റർ മിയാമി നാല് ഗോളിന്റെ വിജയം നേടിയതാണ് ആരാധകർചൂണ്ടിക്കാട്ടുന്നത്. അതിനു പുറമെ അറ്റ്ലാന്റാ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിലെ കൃത്രിമ ടർഫ് മാറ്റി പുല്ലിന്റെ ടർഫ് നിർമിക്കണമെന്നും എങ്കിൽ മാത്രമേ മെസിയെപ്പോലെയുള്ള താരങ്ങൾ കളിക്കാനെത്തൂവെന്നും ആരാധകർ പറയുന്നു.
Atlanta United Challenge Messi After Win