വിജയവും ലീഗിൽ ഒന്നാം സ്ഥാനവും, എന്നിട്ടും ബാഴ്‌സലോണയെക്കുറിച്ച് ആശങ്ക തന്നെ

ഇന്നലെ ലാ ലിഗയിൽ സെൽറ്റ വിഗോക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്‌ച വെക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. പതിനേഴാം മിനുട്ടിൽ പെഡ്രി നേടിയ ഒരേയൊരു ഗോളിലാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്ത് വിജയം നേടിയത്. എന്നാൽ മത്സരം ക്യാമ്പ് നൂവിലായിരുന്നിട്ടും ബാഴ്‌സലോണയെ വിറപ്പിക്കുന്ന പ്രകടനമാണ് സെൽറ്റ വീഗൊ കാഴ്‌ച വെച്ചത്. പ്രതിരോധവും ഗോൾകീപ്പർ ടെർ സ്റ്റീഗനുമാണ് മത്സരത്തിൽ വിജയം നേടാൻ ബാഴ്‌സലോണയെ സഹായിച്ചത്.

യുവതാരങ്ങളായ ഗാവിയും പെഡ്രിയുമാണ് ബാഴ്‌സലോണക്ക് മത്സരത്തിലെ ഒരേയൊരു ഗോൾ നേടാൻ വഴി തെളിച്ചത്. ഗാവിയുടെ ക്രോസ് സെൽറ്റ കീപ്പർ തടുത്തിട്ടപ്പോൾ റീബൗണ്ടിലൂടെ പെഡ്രി വല കുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ബാഴ്‌സലോണ ആധിപത്യം സ്ഥാപിച്ചെങ്കിലും മത്സരത്തിൽ ലെവൻഡോസ്‌കിക്ക് കൃത്യമായി പന്തെത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. പ്രതിരോധത്തിൽ ജെറാർഡ് പിക്വയും ഗോൾകീപ്പറായ ടെർ സ്റ്റീഗനുമാണ് ബാഴ്‌സ ഗോൾ വഴങ്ങാതെ പിടിച്ചു നില്ക്കാൻ സഹായിച്ചത്.

നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തായതിനാൽ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലല്ലെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ബാഴ്‌സലോണയുടെ ഭാഗത്തു നിന്നും ഉണ്ടായത്. രണ്ടാം പകുതിയിൽ സെൽറ്റ കൂടുതൽ പ്രെസ് ചെയ്‌തതോടെ ബാഴ്‌സലോണ കൂടുതൽ പരുങ്ങലിലായി. എങ്കിലും ഭാഗ്യവും പ്രതിരോധനിരയും ടീമിനു വിജയം സമ്മാനിക്കുകയായിരുന്നു. വിജയം നേടിയതോടെ റയലിനെ മറികടന്ന് ഒന്നാം സ്ഥാനത്തു തുടരുന്ന ബാഴ്‌സലോണക്ക് ഈ സീസണിൽ ലാ ലിഗയിൽ ഒരേയൊരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂവെന്ന റെക്കോർഡ് നിലനിർത്താനും കഴിഞ്ഞു.

മത്സരത്തിൽ വിജയം നേടി ലാ ലിഗയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും ഇനി വരാനിരിക്കുന്ന മത്സരങ്ങൾ ബാഴ്‌സലോണയെ സംബന്ധിച്ച് ആശങ്ക നൽകുന്നതാണ്. ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിന് അടുത്ത മത്സരത്തിൽ വിജയം കൂടിയെ തീരൂ. അതിനു ശേഷം റയൽ മാഡ്രിഡ്, വിയ്യാറയൽ, അത്ലറ്റിക് ബിൽബാവോ, ബയേൺ മ്യൂണിക്ക്, വലൻസിയ എന്നീ ടീമുകൾക്കെതിരെയാണ് ബാഴ്‌സലോണ കളിക്കേണ്ടത്. ഇതിൽ ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ തോൽവി വഴങ്ങിയാൽ യൂറോപ്പ ലീഗ് കളിക്കുന്നതിലേക്ക് ബാഴ്‌സയെത്തും.

സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്നെങ്കിലും നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയതാണ് ബാഴ്‌സക്ക് തിരിച്ചടി നൽകുന്നത്. പ്രതിരോധനിരയിൽ മാത്രം ജൂൾസ് കൂണ്ടെ, റൊണാൾഡ്‌ അറോഹോ, ഹെക്റ്റർ ബെല്ലറിൻ, ആന്ദ്രെസ് ക്രിസ്റ്റൻസെൻ എന്നീ താരങ്ങളാണ് പരിക്കേറ്റു പുറത്തിരിക്കുന്നത്. ഇതിനു പുറമെ മധ്യനിര താരം ഫ്രാങ്ക് കെസി, മുന്നേറ്റനിര താരം മെംഫിസ് ഡീപേയ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. അതേസമയം ഇന്നലത്തെ മത്സരത്തിൽ ഫ്രങ്കീ ഡി ജോംഗ് പരിക്കു മാറി തിരിച്ചു വന്നത്‌ ബാഴ്‌സലോണയ്ക്ക് ആശ്വാസമാണ്.