‘സിയൂ’ സെലിബ്രെഷൻ റൊണാൾഡോ അവസാനിപ്പിച്ചോ, താരത്തിന്റെ പുതിയ ഗോളാഘോഷം ഏറ്റെടുത്ത് ആരാധകർ

ഈ സീസൺ ആരംഭിച്ചതു മുതൽ മോശം ഫോമിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ പ്രീമിയർ ലീഗിൽ എവർട്ടനെതിരെ വലകുലുക്കി അതിനെല്ലാം താൽക്കാലികമായി അവസാനം കുറിച്ചിട്ടുണ്ട്. ഇന്നലെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് റൊണാൾഡോ നേടിയ ഗോൾ താരത്തിന്റെ കരിയറിലെ എഴുനൂറാമത്തെ ക്ലബ് ഗോൾ കൂടിയായിരുന്നു. കസമീറോ നൽകിയ അസിസ്റ്റിൽ റൊണാൾഡോ നേടിയ ഗോളിനോപ്പം അതിനു ശേഷം താരം നടത്തിയ വ്യത്യസ്‌തമായ ഗോളാഘോഷവും ഇപ്പൊൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

സാധാരണയായി ഗോൾ നേടിയതിനു ശേഷം ഉയർന്നു ചാടുന്ന ‘സിയൂ’ ആഘോഷമാണ് റൊണാൾഡോ നടത്താറുള്ളത്. എന്നാൽ ഇന്നലെ തന്റെ എഴുനൂറാം ഗോൾ നേടിയതിനു ശേഷം കോർണർ ഫ്ലാഗിനരികിലേക്ക് സാവധാനത്തിൽ ഓടിപ്പോയ റൊണാൾഡോ തിരിഞ്ഞു നിന്ന് ആദ്യം ഓടി വന്ന മാർക്കസ് റാഷ്‌ഫോഡിനെ പുണരുകയും ഗോളിന്റെ സന്തോഷം പങ്കു വെക്കുകയും ചെയ്‌തു. അതിനു ശേഷമാണ് റൊണാൾഡോ മറ്റൊരു രീതിയിൽ ഗോളാഘോഷിച്ച് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്.

പ്രാർത്ഥിക്കുന്നതു പോലെ കണ്ണുകളടച്ച്, വിരലുകൾ കോർത്ത് നെഞ്ചോടു ചേർത്ത് പുതുമയുള്ള രീതിയിലാണ് റൊണാൾഡോ തന്റെ ഗോൾ ആഘോഷിച്ചത്. വിമർശനങ്ങളുടെ നടുവിലും എഴുനൂറാം ക്ലബ് ഗോൾ കുറിക്കാൻ കഴിഞ്ഞത് തനിക്ക് വളരെയധികം സമാധാനം നൽകുന്നുവെന്നാണ് റൊണാൾഡോ ഉദ്ദേശിച്ചതെന്ന് അതിനെ ആരാധകർ വായിക്കുന്നുണ്ട്. റൊണാൾഡോയുടെ ആഘോഷത്തിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിലെ ബ്രസീലിയൻ താരം ആന്റണിയും ചേർന്നത് ക്ലബിന്റെ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകിയ രംഗമായിരുന്നു.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നൽകിയ ഗോളാണ് റൊണാൾഡോ നേടിയത്. അലക്‌സ് ഇവോബി നേടിയ ഗോളിൽ എവർട്ടൺ മുന്നിലെത്തിയെങ്കിലും ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഇരുപത്തിയൊമ്പതാം മിനുട്ടിൽ പരിക്കേറ്റു പുറത്തായ ആന്റണി മാർഷ്യലിനു പകരക്കാരനായാണ് റൊണാൾഡോ കളത്തിലിറങ്ങുന്നത്. ഇറങ്ങി പതിനഞ്ചാം മിനുട്ടിൽ തന്നെ ടീമിന്റെ വിജയഗോൾ നേടാൻ താരത്തിന് കഴിഞ്ഞു. സീസണിൽ റൊണാൾഡോയുടെ രണ്ടാമത്തെ മാത്രം ഗോളാണ് ഇന്നലെ പിറന്നത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നില്ലെങ്കിലും ഇന്നലെ നേടിയ ഗോൾ റൊണാൾഡോയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ ആരാധകർ റൊണാൾഡോയുടെ തിരിച്ചു വരവിനുള്ള തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. യൂറോപ്പ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ഓമോണിയക്കെതിരെ ദൗർഭാഗ്യം കൊണ്ട് ഗോളുകൾ നേടാൻ കഴിയാതെ പോയ റൊണാൾഡോ സ്വന്തം മൈതാനത്തു നടക്കുന്ന അടുത്ത മത്സരത്തിൽ ഗോളുകൾ കണ്ടെത്തുമെന്നു തന്നെ ആരാധകർ വിശ്വസിക്കുന്നു.