ഖത്തർ ലോകകപ്പിൽ കരിം ബെൻസിമ കളിക്കില്ല
ഖത്തർ ലോകകപ്പിനു പന്തുരുളാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫ്രാൻസ് ടീമിന് കനത്ത തിരിച്ചടി നൽകി മുന്നേറ്റനിര താരം കരിം ബെൻസിമ സ്ക്വാഡിൽ നിന്നും പുറത്ത്. നേരത്തെ തന്നെ പരിക്കിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്ന താരം ഇന്നലെ നടന്ന ട്രെയിനിങ് മുഴുവനാക്കിയില്ല. ഇതിനു ശേഷം നടത്തിയ സ്കാനിംഗിലാണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നു സ്ഥിരീകരിച്ചത്.
റയൽ മാഡ്രിഡ് താരത്തിന്റെ ഇടതുതുടയിലാണ് പരിക്ക് പറ്റിയിരിക്കുന്നതെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. നേരത്തെ തന്നെ പോൾ പോഗ്ബ, എൻഗോളോ കാന്റെ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരെ ടീമിൽ നിന്നും നഷ്ടമായ ഫ്രാൻസിന് കൂടുതൽ തിരിച്ചടിയാണ് ബെൻസിമയുടെ അഭാവം. ബെൻസിമയുടെ പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഫ്രാൻസ് തീരുമാനം എടുത്തിട്ടില്ല.
Karim Benzema will miss the World Cup after picking up a thigh injury in training, per multiple sources 💔 pic.twitter.com/3E2NpRQM7A
— B/R Football (@brfootball) November 19, 2022
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ബെൻസിമ പക്ഷെ ഈ സീസണിൽ കൂടുതൽ സമയവും പരിക്കിന്റെ പിടിയിലാണ്. താരത്തിന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ കഴിയുന്ന ഒരാളെ കൂടിയാണ് ഫ്രാൻസിന് നഷ്ടമാവുക.