ലയണൽ മെസി ലോകകപ്പ് അർഹിക്കുന്നു, പക്ഷെ അവർ കിരീടമുയർത്തുന്നത് ചിന്തിക്കാൻ പോലുമാകില്ലെന്ന് റൊണാൾഡോ

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും ഇതിഹാസതാരങ്ങളിൽ ഒരാളായ ലയണൽ മെസി ലോകകപ്പ് അർഹിക്കുന്നുണ്ടെന്ന് ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ നാസറിയോ. എന്നാൽ ബ്രസീലിന്റെ ചിരവൈരികളാണെന്ന കാരണം കൊണ്ടു തന്നെ അർജന്റീന ലോകകപ്പ് നേടണമെന്നു താൻ ആഗ്രഹിക്കുന്നില്ലെന്നും റൊണാൾഡോ പറഞ്ഞു. മെസി സ്പെയിൻ, ഇറ്റലി തുടങ്ങിയ ടീമുകൾക്കു വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ താൻ പിന്തുണ നൽകുമായിരുന്നുവെന്നും ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.

ബ്രസീലിനു ഖത്തർ ലോകകപ്പ് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മെസി കിരീടം ഉയർത്തുന്നതു കാണാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൊണാൾഡോ. “അതിനു താരം സ്‌പാനിഷ്‌ ദേശീയ ടീമിൽ കളിക്കണം. സ്‌പാനിഷോ ഇറ്റാലിയനോ ആയാൽ മതി. അർജന്റീനയും ബ്രസീലും തമ്മിലുള്ള ശത്രുത അങ്ങിനെയാണ്. അവരോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷെ അർജന്റീന ലോകചാമ്പ്യന്മാരാകുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല.”

“ലയണൽ മെസി ലോകകിരീടം അർഹിക്കുന്നുണ്ടോ? തീർച്ചയായും താരം അതർഹിക്കുന്നു, പക്ഷെ അതെന്റെ പിന്തുണ കൊണ്ടായിരിക്കില്ല. എനിക്കവനെ ഇഷ്‌ടമാണ്‌. മെസിക്കു ഞാൻ പറയുന്നത് മനസിലാകും, കാരണം താരത്തിനും ഇതുപോലെ തന്നെയാണ് തോന്നുകയെന്നു നിങ്ങൾക്കുറപ്പിക്കാം.” സ്പോർട്സ് മെയിലിനോട് സംസാരിക്കുമ്പോൾ നിലവിൽ സ്‌പാനിഷ്‌ ക്ലബായ റയൽ വയ്യഡോളിഡിന്റെ ഉടമ കൂടിയായ റൊണാൾഡോ വ്യക്തമാക്കി.

ലോകകപ്പിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ തങ്ങളുടെ ടീമിന് കിരീടം നേടാൻ ഉറച്ച സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് നിൽക്കുന്നത്. യൂറോപ്യൻ ടീമുകളേക്കാൾ ഇത്തവണ കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകളും ബ്രസീലും അർജന്റീനയുമാണ്. എന്നാൽ നിരവധി കരുത്തുറ്റ ടീമുകളുണ്ട് എന്നതിനാൽ തന്നെ ഇത്തവണ ഏതെങ്കിലും ടീമിന് ലോകകപ്പിൽ വ്യക്തമായ ആധിപത്യമുണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.