റാഫേൽ വരാനെക്ക് ലോകകപ്പ് നഷ്‌ടമാകുമോ, ടെൻ ഹാഗ് പറയുന്നതിങ്ങനെ

ചെൽസിയുമായി ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ പ്രതിരോധതാരം റാഫേൽ വരാനെക്കു പരിക്കു പറ്റിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് മാത്രമല്ല, ലോകകപ്പ് അടുത്തിരിക്കെ ഫ്രാൻസ് ടീമിനും വലിയ ആശങ്കയാണ് നൽകിയിരിക്കുന്നത്. അവസാന നിമിഷങ്ങളിൽ പിറന്ന ഗോളുകളിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും സമനില വഴങ്ങിയ മത്സരത്തിന്റെ അറുപതാം മിനുട്ടിലാണ് പരിക്കേറ്റ റാഫേൽ വരാനെ പുറത്തു പോകുന്നത്. സ്വീഡിഷ് താരം വിക്റ്റർ ലിൻഡ്‌ലോഫാണ് താരത്തിന് പകരക്കാരനായി ഇറങ്ങിയത്.

പരിക്കേറ്റു പുറത്തു പോകുമ്പോൾ വളരെ വൈകാരികമായി റാഫേൽ വരാനെ പ്രതികരിച്ചതാണ് ആരാധകർക്ക് കൂടുതൽ ആശങ്ക നൽകിയത്. കരഞ്ഞു കൊണ്ട് കളിക്കളം വിട്ട താരം അതിനിടെ കോർണർ ഫ്ലാഗിനെ ഇടിക്കുകയും തന്റെ മുഖം ജേഴ്‌സി കൊണ്ട് മറയ്ക്കുകയും ചെയ്‌തിരുന്നു. താരത്തിന് ലോകകപ്പ് നഷ്‌ടമാകാനുള്ള സാധ്യതയുണ്ടെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നതെങ്കിലും അതേക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് പറയുന്നത്.

“ഇപ്പോഴൊന്നും പറയാൻ കഴിയില്ല. താരം പുറത്തു പോകുന്നത് നമ്മളെല്ലാവരും കണ്ടതാണ്. പക്ഷെ ഇതുപോലൊരു പരിക്കിനെക്കുറിച്ച് വിശകലനം ചെയ്യാൻ ഇരുപത്തിനാലു മണിക്കൂറെങ്കിലും കാത്തിരിക്കണം. മെഡിക്കൽ സ്റ്റാഫ് അവരുടെ പണി ചെയ്യുമെന്നും അതിനു പ്രതിവിധി കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. താരത്തിന്റെ വികാരങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയുന്നതാണെങ്കിലും വിശദമായി അറിയാൻ നമ്മൾ കാത്തിരുന്ന് മതിയാകൂ.” മത്സരത്തിനു ശേഷം മാധ്യമങ്ങളോട് എറിക് ടെൻ ഹാഗ് പറഞ്ഞു.

വരാനെക്ക് ലോകകപ്പ് നഷ്‌ടമായാൽ അത് ഫ്രാൻസ് ടീമിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ലോകകപ്പിൽ നൽകുക. നിലവിൽ തന്നെ പോഗ്ബ, കാന്റെ എന്നിവർക്ക് ലോകകപ്പ് നഷ്‌ടമാകുമെന്ന സാഹചര്യം നിലനിൽക്കെയാണ് വരാനെക്കും പരിക്കു പറ്റിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായകമായ പങ്കു വഹിച്ച താരങ്ങളാണ് ഇവരെല്ലാം. എന്നാൽ മികച്ച യുവതാരങ്ങൾ ടീമിലുള്ള സമ്പന്നമായ സ്‌ക്വാഡാണ് ഫ്രാൻസിനുള്ളതെന്നത് അപ്പോഴും പ്രതീക്ഷയാണ്.