എല്ലാ താരങ്ങളും തയ്യാർ, പിഴവുകൾ തിരുത്താൻ ആദ്യ എവേ മത്സരത്തിനു ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

ഈ സീസൺ ഐഎസ്എല്ലിലെ ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിനു പക്ഷെ അതിനു ശേഷം നടന്ന മത്സരത്തിൽ നിരാശയായിരുന്നു ഫലം. എടികെ മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയെങ്കിലും പിന്നീട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി നേരിടുകയായിരുന്നു. ആദ്യത്തെ മത്സരത്തിലെ വിജയത്തിൽ മതിമറന്ന ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണു തുറപ്പിക്കുന്ന ഒന്നായിരുന്നു ആ തോൽവി.

ആക്രമണത്തിൽ മികച്ചു നിൽക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പ്രതിരോധം വളരെയധികം ദുർബലമാകുന്നതും മികച്ച പ്രത്യാക്രമണങ്ങൾ വരുമ്പോൾ പതറുന്നതും കഴിഞ്ഞ മത്സരത്തിൽ കാണുകയുണ്ടായി. ഇതു തന്നെയാണ് വലിയ തോൽവിക്ക് ഒരു പരിധി വരെ കാരണമായതും. എടികെക്കെതിരെ പ്രതിരോധമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് മത്സരത്തിനു മുൻപേ പരിശീലകൻ പറഞ്ഞിട്ടും അതു തന്നെയാണ് ഏറ്റവും ദുർബലമായി പോയതെന്നത് ഇവാൻ വുകോമനോവിച്ചിന് ടീമിനെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

ഒഡിഷ എഫ്‌സിക്കെതിരെ ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിനായി തയ്യാറെടുക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും അലട്ടുന്നില്ലെന്നതു കൊണ്ട് ഏറ്റവും മികച്ച ടീമിനെ തന്നെ തിരഞ്ഞെടുക്കാൻ പരിശീലകന് അവസരമുണ്ട്. വുകോമനോവിച്ച് തന്നെയാണ് എല്ലാ താരങ്ങളും മത്സരത്തിനായി ലഭ്യമാണെന്ന കാര്യം ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചത്. ഒരു പരിശീലന സെഷൻ കൂടി നോക്കിയാവും അവസാന ഇലവൻ തീരുമാനിക്കുകയെന്നും ആരു വേണമെങ്കിലും ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷ എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് വിജയം നേടി സീസണിൽ ആത്മവിശ്വാസം വീണ്ടെടുക്കുകയെന്ന ലക്ഷ്യമാകും ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ ഉണ്ടാവുക. ബ്ലാസ്‌റ്റേഴ്‌സിനെ പോലെ തന്നെ രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഏറ്റു വാങ്ങിയാണ് ഒഡിഷ എഫ്‌സി ഇന്നത്തെ മത്സരത്തിനായി ഒരുങ്ങുന്നത്. ആദ്യത്തെ മത്സരത്തിൽ ജംഷഡ്പൂരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയ അവർ കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.