മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലും ആരാധകരുടെ ഹൃദയത്തിലും കസമീറോ സ്ഥാനമുറപ്പിക്കുന്നു

ഫുട്ബാൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനദിവസങ്ങളിൽ ബ്രസീലിയൻ താരം കസമീറോ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡ് മധ്യനിരയിലെ പ്രധാന താരമായിരിക്കുമ്പോൾ ക്ലബ് വിടാനുള്ള കസമീറോയുടെ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ച ഒന്നായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്നതോടെ ബ്രസീലിയൻ താരത്തിന്റെ തീരുമാനം അബദ്ധമായെന്ന് നിരവധി പേർ വിലയിരുത്തുകയും ചെയ്‌തു.

എന്നാൽ തന്റെ പ്രതിഭ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന കസമീറോയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇന്നലെ ചെൽസിക്കെതിരെ നേടിയ ഗോളും അതിനു ശേഷമുള്ള വൈകാരികമായ ആഘോഷവും കൊണ്ട് ക്ലബിന്റെ ആരാധകരുടെ മനസ്സിൽ കൂടി തന്റെ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയുടെ വക്കിൽ നിന്നിരുന്ന സമയത്ത് തൊണ്ണൂറ്റിനാലാം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെ ചെൽസി വല കുലുക്കിയ കസമീറോ തോൽ‌വിയിൽ നിന്നും ടീമിനെ ഒഴിവാക്കി വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിക്കുകയും ചെയ്‌തു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി എട്ടു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഇറങ്ങിയ കസമീറോ അതിൽ നാലെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ കളിച്ചത്. എന്നാലിനി മുതൽ താരം ക്ലബിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗും താരത്തെ പ്രശംസിക്കുകയുണ്ടായി. സ്പെയിനിൽ വളരെ മികച്ച പ്രകടനം നടത്തിയ താരത്തിനു ചാമ്പ്യൻസ് ലീഗ് പോലെയുള്ള വമ്പൻ ടൂർണമെന്റുകളിൽ ഉണ്ടായിരുന്ന പരിചയസമ്പത്ത് ഇതുപോലെയുള്ള മത്സരങ്ങളിൽ സഹായിക്കുമെന്നാണ് ടെൻ ഹാഗ് പറയുന്നത്.

കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലും പ്രീമിയർ ലീഗിലും വളരെ നന്നായി ഇണങ്ങിച്ചേർന്നു തുടങ്ങിയെന്നും പരിശീലകൻ പറഞ്ഞു. അതു ടീമിന് വളരെയധികം സഹായിക്കുമെന്നു പറഞ്ഞ അദ്ദേഹം പക്ഷെ സ്‌പാനിഷ്‌ ലീഗിനെ അപേക്ഷിച്ച് തീവ്രതയും കായികശേഷിയും പ്രീമിയർ ലീഗിന് ആവശ്യമുണ്ടെന്ന മുന്നറിയിപ്പും ബ്രസീലിയൻ താരത്തിന് നൽകി. എന്നാൽ കസമീറോ അതിനോടെല്ലാം വളരെ പെട്ടന്ന് ഇണങ്ങിച്ചേർന്നുവെന്നു തന്നെയാണ് കഴിഞ്ഞ മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്. ഇതു മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെയധികം പ്രതീക്ഷ നൽകുന്ന കാര്യവുമാണ്.

സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കസമീറോ പതറിയത് ബ്രസീലിയൻ ആരാധകർക്കും ആശങ്ക നൽകിയ കാര്യമായിരുന്നു. ലോകകപ്പ് അടുത്തിരിക്കെ കസമീറോയുടെ ഫോം മങ്ങുന്നതും ടീമിൽ അവസരങ്ങൾ കുറയുന്നതും ബ്രസീലിനെയും ബാധിക്കാൻ സാധ്യതയുള്ള കാര്യമാണ്. എന്നാൽ അതിനെയെല്ലാം മറികടന്ന് മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്ന സാഹചര്യത്തിൽ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകളും വളരെയധികം വർധിച്ചിട്ടുണ്ട്.