“സ്വാർത്ഥതയില്ലാത്ത, ചരിത്രത്തിലെ ഏറ്റവും മികച്ച താരം”- ലയണൽ മെസിയെ പ്രശംസിച്ച് പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ

ഈ സീസണിൽ വളരെ മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസി ഫ്രഞ്ച് ലീഗിൽ അയാക്കിയോക്കെതിരായ മത്സരത്തിലും വളരെ മികച്ച കളിയാണ് കാഴ്‌ച വെച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും മെസി സ്വന്തമാക്കി. വളരെ പതിഞ്ഞ താളത്തിൽ മാത്രമാണ് കളിച്ചതെങ്കിലും മത്സരത്തിലുടനീളം ത്രൂ ബോളുകളും കീ പാസുകളുമായി നിറഞ്ഞു നിന്ന മെസി ഈ സീസണിൽ തന്നെ തന്റെ ഏറ്റവും മികച്ച കളിയാണ് ലീഗ് വണിലേക്ക് പുതിയതായി സ്ഥാനക്കയറ്റം നടത്തിയ ടീമിനെതിരെ നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല.

മത്സരത്തിലെ വിജയത്തിനു പിന്നാലെ മെസിയെ പ്രശംസിച്ച് പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ രംഗത്തു വരികയും ചെയ്‌തു. ഒട്ടും സ്വാർത്ഥതയില്ലാത്ത, ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മെസിയെന്നാണ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഗാൾട്ടിയർ പറഞ്ഞത്. “തീർച്ചയായും ആളുകൾ സ്റ്റേഡിയത്തിലേക്ക് വരുന്നത് ലിയോയെ കാണാൻ വേണ്ടി കൂടിയാണ്. അതുപോലെ പിഎസ്‌ജി ടീമിനെയും കിലിയനെയും. ഇന്നത്തെ മത്സരത്തിൽ നെയ്‌മർ ഉണ്ടായിരുന്നില്ല, താരത്തെ കാണാനും ആളുകൾ വരുന്നു.”

“ഞാൻ ഇടക്കിടക്ക് പറയാറുണ്ട്, മെസി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. മറ്റുള്ളവർക്ക് വേണ്ടി കളിക്കാൻ താരം ഇഷ്‌ടപ്പെടുന്നു. പന്തുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന താരം നിസ്വാർത്ഥൻ കൂടിയാണ്. ഇന്നത്തെ മത്സരത്തിൽ സെക്കൻഡ് ബോളിൽ ആധിപത്യം സ്ഥാപിച്ച താരം ഡീപ്പിൽ നിന്നും മനോഹരമായ പാസുകളും നൽകി. ഇതുപോലെയുള്ള കളിക്കാർ ഉണ്ടാവുന്നതു കൊണ്ടാണ് ആളുകൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്. അവർ പോയാൽ എല്ലാവർക്കും അതിന്റെ അഭാവമുണ്ടാകും.” ഗാൾട്ടിയർ പറഞ്ഞു.

ഫ്രഞ്ച് ലീഗിൽ അഞ്ചു ഗോളുകൾ നേടിയിട്ടുള്ള ലയണൽ മെസി അസിസ്റ്റ് നേട്ടങ്ങളുടെ കാര്യത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഇതിനു പുറമെ ഒരു മത്സരത്തിൽ ശരാശരി 2.9 കീ പാസുകൾ നൽകാനും താരത്തിന് കഴിയുന്നുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ ടീമിന്റെ പ്രധാനിയായി മെസി മാറിയത് ആരാധകരിൽ വളരെയധികം ആവേശമുണ്ടാക്കിയിട്ടുണ്ട്. പിഎസ്‌ജിയുടെയും അർജന്റീനയുടെയും കിരീടപ്രതീക്ഷകളെ ഇത് വളരെയധികം വർധിപ്പിക്കുന്നു.