മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ കസമീറോയെ പ്രകടനത്തെ പ്രശംസിച്ച് ആരാധകർ
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തി നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ മാർക്കസ് റാഷ്ഫോഡ്, ആന്റണി മാർഷ്യൽ, ഫ്രെഡ് എന്നിവരാണ് ഗോളുകൾ നേടിയത്.പരിശീലകനായ എറിക് ടെൻ ഹാഗിന് കീഴിൽ ടീം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നതെന്ന് തെളിയിക്കുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. നോട്ടിംഗ്ഹാമിനെതിരായ വിജയത്തോടെ നാലാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാൾ ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്റ് മാത്രം പിന്നിലാണ് റെഡ് ഡെവിൾസ്.
മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രധാനമായും പ്രശംസിക്കുന്നത് മധ്യനിര താരം കസമീറോയുടെ പ്രകടനത്തെയാണ്. ടീമിനുള്ളിൽ ചിലർക്ക് വൈറസ് ബാധയേറ്റ് അസുഖം വന്നതിനെ തുടർന്ന് പ്രതിരോധം പൂർണമായ കരുത്തോടെയല്ല ഇന്നലെ ഇറങ്ങിയത്. ലിൻഡ്ലോഫ് അസുഖബാധിതനാവുകയും ഹാരി മഗ്വയർക്ക് ചെറിയ ഫിറ്റ്നസ് പ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ ലൂക്ക് ഷായാണ് സെൻട്രൽ ഡിഫൻഡറായി ഇറങ്ങിയത്. മറ്റൊരു പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസ് ടീമിനൊപ്പം ചേർന്നിട്ടില്ല. എന്നാൽ ഡിഫെൻസിന്റെ ദൗർബല്യങ്ങളെയെല്ലാം മധ്യനിരയിൽ നങ്കൂരമിട്ടു കളിച്ച കസമീറോ കൃത്യമായി പരിഹരിച്ചു.
രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് ലൂക്ക് ഷാ സെന്റർ ബാക്കായി കളിക്കുന്നത് എന്നതിനാൽ തന്നെ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ എതിർടീമിന്റെ മുന്നേറ്റങ്ങൾ ഇല്ലാതാക്കുന്നതിൽ പ്രത്യേക കഴിവുള്ള കസമീറോ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ആക്രമണങ്ങളെ മധ്യനിരയിൽ വെച്ചു തന്നെ ഇല്ലാതാക്കി. ഏഴു ഡ്യൂവലുകൾ വിജയിച്ച താരം അഞ്ചു ടാക്കിളുകളും പൂർത്തിയാക്കി. കാസമീറോയെ മറികടക്കാൻ കഴിയാതെ നോട്ടിങ്ഹാം താരങ്ങൾ പരുങ്ങിയപ്പോൾ അത് മറ്റൊരു മധ്യനിര താരമായ ക്രിസ്റ്റ്യൻ എറിക്സണ് കൂടുതൽ സ്വതന്ത്രമായി മുന്നോട്ടു പോകാനും അവസരം നൽകി.
Casemiro ranked first or joint-first for the following metrics during Man Utd 3-0 Nottingham Forest:
◉ Duels won
◉ Tackles made
◉ Final ⅓ passes
◉ Passes into final ⅓
◉ Possession won mid ⅓
◉ Headed clearances
◉ Chances created
◉ Lay-offs
◉ Assists😮💨 pic.twitter.com/VoIGm6mCIM
— Squawka (@Squawka) December 27, 2022
പ്രതിരോധത്തെ സഹായിക്കുന്നതിനൊപ്പം മുന്നേറ്റനിരക്കും കസമീറോ കാര്യമായ സംഭാവന നൽകിയിരുന്നു. മൂന്നു മികച്ച അവസരങ്ങൾ ഉൾപ്പെടെ ഫൈനൽ തേർഡിലേക്ക് പതിമൂന്നു പാസുകളാണ് താരം നൽകിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ഫോറസ്റ്റിന്റെ നീക്കം തടഞ്ഞതിനു ശേഷം താരം നൽകിയ പാസിൽ നിന്നാണ് ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ഗോളിലേക്കുള്ള നീക്കം ആരംഭിച്ചതും കസമീറോയുടെ ടാക്കിളിനു ശേഷമായിരുന്നു. മത്സരത്തിൽ ടീമിന്റെ കേന്ദ്രമായി മാറാൻ ബ്രസീലിയൻ താരത്തിനായി.
Casemiro's game by numbers vs. Nottingham Forest:
104 touches
100% aerial duels won
28 final ⅓ passes
13 passes into final ⅓
7 duels won
5 tackles made
3 clearances
3 chances created
2 interceptions
2 shots
1 through ball
1 assistWait until you see the heat map… pic.twitter.com/124MTIi3Ki
— Squawka (@Squawka) December 27, 2022
ചാമ്പ്യൻസ് ലീഗ് വിജയം നേടിയതിനു പിന്നാലെ റയൽ മാഡ്രിഡ് പോലൊരു ടീമിൽ നിന്നും പുറത്തു വന്ന കസമീറോ പ്രീമിയർ ലീഗിൽ ആദ്യഘട്ടത്തിൽ തിളങ്ങിയിരുന്നില്ല. എന്നാൽ ലീഗിനോടും ടീമിനോടും ഇണങ്ങിച്ചേർന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ അവിഭാജ്യഘടകമായി താരം മാറിയിട്ടുണ്ട്. താരത്തിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമൊന്നടങ്കം മികച്ച പ്രകടനം നടത്തുന്നത് ഈ സീസണിൽ ടോപ് ഫോർ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതെങ്കിലുമൊരു കിരീടം സീസണിൽ നേടുമെന്നും ആരാധകർ കരുതുന്നു.