എംബാപ്പെയുടെ മുഖത്തു നോക്കിയുള്ള ആഘോഷം ഒരു പകരം വീട്ടലായിരുന്നു, അർജന്റീന താരം വെളിപ്പെടുത്തുന്നു

നാടകീയമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയത്. മത്സരത്തിൽ അർജന്റീന അനായാസം വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് ഫ്രാൻസിന്റെ തിരിച്ചു വരവുണ്ടായപ്പോൾ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണ് മെസിയും സംഘവും വിജയം നേടിയത്. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിലൊന്നെന്ന് നിസംശയം പറയാവുന്നതായിരുന്നു ലുസൈൽ മൈതാനത്ത് നടന്നത്.

മത്സരത്തിൽ ഫ്രാൻസിനു വേണ്ടി ഹാട്രിക്ക് നേടി കിലിയൻ എംബാപ്പെ ഹീറോ ആയെങ്കിലും വിജയം അർജന്റീനക്കൊപ്പം നിന്നു. മത്സരത്തിൽ ലയണൽ മെസി ടീമിന്റെ മൂന്നാം ഗോൾ നേടിയപ്പോൾ അർജന്റീന താരം ക്രിസ്റ്റ്യൻ റൊമേരോ എംബാപ്പയുടെ മുഖത്ത് നോക്കി ഒരു ഗോൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പിന്നീട് വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഡി സ്പോർട്ട്സ് റേഡിയോയോട് സംസാരിക്കുമ്പോൾ ടോട്ടനം ഹോസ്‌പർ താരം അതിന്റെ കാരണം വെളിപ്പെടുത്തുകയുണ്ടായി.

“ഞാൻ ഞങ്ങളുടെ ഗോളാഘോഷിക്കാം എംബാപ്പയുടെ മുഖത്ത് നോക്കി ആക്രോശിച്ചിരുന്നു. കാരണം അതിനു മുൻപ് എൻസോ ഫെർണാണ്ടസ് താരത്തോട് സംസാരിച്ചപ്പോൾ വളരെ മോശമായാണ് അതിനോട് എംബാപ്പെ പ്രതികരിച്ചത്. അപ്പോൾ ഞാൻ ലയണൽ മെസി നേടിയ ഗോളിന് പിന്നാലെ എംബാപ്പയുടെ മുഖത്തു നോക്കി ആഘോഷിക്കുകയായിരുന്നു.” റോമെരോ പറഞ്ഞു. ആ ഫൈനൽ ഇപ്പോഴും കാണാറുണ്ടെന്നും താരം വെളിപ്പെടുത്തി.

എൻസോയും എംബാപ്പയും തമ്മിൽ പ്രശ്‌നങ്ങൾ നടന്നതിനെക്കുറിച്ചൊന്നും മത്സരത്തിനു ശേഷം എവിടെയും വാർത്തയായിട്ടില്ല. എന്തായാലും അത് ശ്രദ്ധിച്ച റോമെറോ അതിനു അപ്പോൾ തന്നെ മറുപടി നൽകുകയാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. ലയണൽ മെസി ഗോളിൽ അർജന്റീന മുന്നിലെത്തിയെങ്കിലും മത്സരം തീരാൻ രണ്ടു മിനുട്ട് ശേഷിക്കെ എംബാപ്പെ വീണ്ടും ഫ്രാൻസിനെ ഒപ്പമെത്തിച്ചു. തുടർന്നാണ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.