കളിച്ച ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല, അർജന്റീന ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാരാണെന്ന് മെസി പറയുന്നു

മുപ്പത്തിയഞ്ചു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഖത്തർ ലോകകപ്പിന്റെ പോരാട്ടഭൂമികയിലേക്ക് കാലെടുത്തു വെക്കുന്നത്. ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി തന്നെയാണ് ലയണൽ സ്‌കലോണിയുടെ നേതൃത്വത്തിൽ നീലപ്പട എത്തുന്നത്. 2019ലെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിങ്ങോട്ട് ഒരു മത്സരം പോലും തോൽക്കാതെ കുതിക്കുന്ന ടീം ഈ സമയത്തിനുള്ളിൽ രണ്ടു പ്രധാന കിരീടങ്ങളും സ്വന്തമാക്കി. ബ്രസീലിനെ അവരുടെ നാട്ടിൽ കീഴടക്കി നേടിയ കോപ്പ അമേരിക്ക കിരീടമാണ് അതിൽ ഏറ്റവും മധുരമേറിയത്.

അർജന്റീന ജേഴ്‌സിയിലെ പ്രകടനത്തിന്റെ പേരിൽ മുൻപ് പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുള്ള ലയണൽ മെസി തന്നെയാണ് ടീമിന്റെ കുതിപ്പിനു പിന്നിലെ നെടുംതൂൺ. എന്നാൽ അർജന്റീന ജേഴ്‌സിയിൽ മികച്ച പ്രകടനം നടത്തുമ്പോഴും താനല്ല ടീമിലെ നിർണായക സാന്നിധ്യമെന്നാണ് മെസി പറയുന്നത്. മറിച്ച് പ്രതിരോധനിരയിൽ കളിക്കുന്ന ടോട്ടനം ഹോസ്‌പർ താരമായ ക്രിസ്റ്റ്യൻ റോമെറോ ടീമിലേക്ക് വന്നതാണ് അർജന്റീനയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്നാണ് മെസിയുടെ അഭിപ്രായം. താരത്തിന്റെ സാന്നിധ്യം പ്രതിരോധത്തെ കരുത്തുറ്റതാക്കിയത് അർജന്റീനയെ വളരെയധികം സഹായിക്കുന്നുണ്ട്.

“കുട്ടിയുടെ ക്രിസ്റ്റ്യൻ റോമെറോ) സാന്നിധ്യം ഞങ്ങൾക്ക് അസാധാരണമായ മികവ് നൽകിയിട്ടുണ്ട്. ടീമിന്റെ ഭാവിക്കും കോപ്പ അമേരിക്ക കിരീടനേട്ടത്തിനും അതു വളരെ നിർണായകമായിരുന്നു.” മെസി പറഞ്ഞു. അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തെക്കുറിച്ച് നെറ്റ്ഫ്ലിക്സ് അടുത്തിടെ പുറത്തിറക്കിയ ഡോക്യൂമെന്ററിയിൽ മെസി പറഞ്ഞ കാര്യമാണിത്. ടീമിലെത്തിയ തന്നെ മെസി മികച്ച രീതിയിൽ സഹായിച്ചുവെന്ന് റൊമേറോയും അതെ ഡോക്യൂമെന്ററിയിൽ വെളിപ്പെടുത്തുന്നുണ്ട്.

അർജന്റീനക്കായി ക്രിസ്റ്റ്യൻ റോമെറോ വെറും പന്ത്രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ ഒരെണ്ണത്തിൽ പോലും അർജന്റീന തോൽവി നേരിട്ടിട്ടില്ല. 2020-21 സീസണിൽ ഇറ്റാലിയൻ ക്ലബായ അറ്റലാന്റക്കായി കളിക്കുമ്പോൾ സീരി എയിലെ മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ട റൊമേരോ അതിനു ശേഷമാണ് ടോട്ടനത്തിലെത്തുന്നത്. അർജന്റീനക്കായി മികച്ച പ്രകടനം നടത്തുമ്പോഴും പരിക്കുകൾ നിരന്തരം വരുന്നതാണ് താരത്തെ സംബന്ധിച്ച് പ്രധാന ആശങ്ക.