ഇരുപതു വർഷമായി ലോകകപ്പ് നേടാനാവാതെ ലാറ്റിനമേരിക്കൻ ശക്തികൾ

ഖത്തർ ലോകകപ്പിന് ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ എല്ലാ തവണയുമെന്ന പോലെ ലാറ്റിനമേരിക്കൻ ടീമുകളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ബ്രസീലും അർജന്റീനയും മുന്നിലുണ്ട് എന്നതു തന്നെയാണ് ഇതിനു കാരണം. രണ്ടു ടീമുകളും കുറച്ചു കാലമായി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതും. യോഗ്യത മത്സരങ്ങളിൽ ഒരു തോൽവി പോലും അറിയാതെ ബ്രസീൽ ലോകകപ്പിനെത്തുമ്പോൾ കഴിഞ്ഞ മുപ്പത്തിയഞ്ചു കളികളിൽ അർജന്റീന തോറ്റിട്ടില്ല.

എന്നാൽ ലോകഫുട്ബോളിലെ വമ്പൻ പോരാട്ടത്തിന്റെ ഭൂമികയിൽ കഴിഞ്ഞ ഇരുപതു വർഷമായി വെന്നിക്കൊടി പാറിക്കാൻ ഈ ടീമുകൾക്ക് കഴിഞ്ഞിട്ടില്ലെന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയതിനു ശേഷം പിന്നീട് ലോകകിരീടമുയർത്താൻ മറ്റൊരു ലാറ്റിനമേരിക്കൻ ടീമിന് കഴിഞ്ഞിട്ടില്ല. 2014 ലോകകപ്പിൽ അർജന്റീന ഫൈനലിൽ എത്തി ജർമനിയോട് തോൽവി നേരിട്ടത് ഒഴിച്ചു നിർത്തിയാൽ മറ്റൊരു ലാറ്റിനമേരിക്കൻ ടീമിനും ഇക്കാലയളവിൽ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല.

അതേസമയം ഈ ഇരുപതു വർഷക്കാലയളവിൽ യൂറോപ്യൻ ടീമുകളുടെ ആധിപത്യമാണ് ലോകകപ്പ് ടൂർണമെന്റിൽ കാണാൻ കഴിയുക. ഇക്കാലയളവിൽ നടന്ന നാല് ലോകകപ്പിലും യൂറോപ്യൻ ടീമുകൾ കിരീടം നേടിയപ്പോൾ അതിൽ മൂന്നെണ്ണത്തിന്റെ ഫൈനലിലും യൂറോപ്യൻ ടീമുകൾ മാത്രമാണ് കളിച്ചത്. 2014 ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ഫൈനലിൽ ജർമനിയെ നേരിട്ടപ്പോൾ മാത്രമാണ് വളരെക്കാലത്തിനു ശേഷം ഒരു ലാറ്റിനമേരിക്കൻ ടീം ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടുന്നത്. അതിൽ വിജയം നേടാനും അവർക്ക് കഴിഞ്ഞില്ല.

2006 ലോകകപ്പിൽ സിദാന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഫ്രാൻസിനെ കീഴടക്കി ഇറ്റലി ലോകകപ്പ് നേടിയപ്പോൾ 2010ൽ ആഫ്രിക്കയിൽ വെച്ചു നടന്ന ടൂർണമെന്റിൽ ഹോളണ്ടിന്റെ വെല്ലുവിളി അതിജീവിച്ച് സ്പെയിൻ അവരുടെ ആദ്യത്തെ ലോകകപ്പ് നേടുകയുണ്ടായി. അതിനു ശേഷം 2014ൽ ജർമനി ലോകകപ്പ് ഉയർത്തിയപ്പോൾ 2018 ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പുമായെത്തിയ ക്രൊയേഷ്യയെ കീഴടക്കി ഫ്രാൻസാണ് കിരീടം ഉയർത്തിയത്.

ഇക്കാലയളവിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള ടീമുകൾ ലോകകപ്പിന്റെ സെമി കണ്ടിരിക്കുന്നത് മൂന്നു തവണ മാത്രമാണ്. 2010 ലോകകപ്പിൽ യുറുഗ്വായ് സെമി ഫൈനൽ വരെ എത്തിയപ്പോൾ 2014 ലോകകപ്പിൽ ബ്രസീലും അർജന്റീനയും സെമി കളിച്ചു. അർജന്റീന ഫൈനലിലേക്ക് മുന്നേറിയപ്പോൾ സ്വന്തം നാട്ടിൽ എക്കാലത്തെയും വലിയ നാണക്കേടേറ്റു വാങ്ങിയ ബ്രസീൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ജർമനിയോട് തോൽവി വഴങ്ങുകയായിരുന്നു.

ആരാധകരുടെ വലിയ പിന്തുണയുണ്ടെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ലോകകപ്പിൽ തിളങ്ങാൻ ലാറ്റിനമേരിക്കൻ ടീമുകൾക്ക് കഴിയുന്നില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇത്തവണ ഖത്തർ ലോകകപ്പിനായി എത്തുമ്പോൾ ഇക്കാര്യം പരിഹരിക്കുകയെന്ന ലക്‌ഷ്യം ലാറ്റിനമേരിക്കൻ ടീമുകൾക്കുണ്ടാവും. ബ്രസീലും അർജന്റീനയും മികച്ച ഫോമിലാണെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിൽ പോലും യൂറോപ്യൻ ടീമുകളുടെ വലിയ വെല്ലുവിളിയെ അവർക്ക് മറികടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.