ലൊ സെൽസോയുടെ പരിക്കിനിടയിലും അർജന്റീനക്ക് ആശ്വാസം, രണ്ടു താരങ്ങൾ തിരിച്ചെത്തുന്നു
ലോകകപ്പ് അടുത്തിരിക്കെ അർജന്റീനക്കു സംഭവിച്ച വലിയ തിരിച്ചടിയാണ് മധ്യനിര താരം ജിയാവാനി ലൊ സെൽസോയുടെ പരിക്ക്. ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയായ താരം ലോകകപ്പിൽ കളിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ലോകകപ്പിനു മുൻപേ നിരവധി താരങ്ങൾക്ക് പരിക്കേറ്റ അർജന്റീനയെ സംബന്ധിച്ച് കൂടുതൽ തിരിച്ചടിയായിരുന്നു ലൊ സെൽസോയുടെ പരിക്ക്.
എന്നാൽ ഇതിനിടയിലും മറ്റൊരു ആശ്വാസവാർത്ത അർജന്റീനയെ തേടിയെത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള രണ്ടു താരങ്ങൾ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെയും റോമയുടെയും താരങ്ങളായ ലിയാൻഡ്രോ പരഡെസ്, പൗളോ ഡിബാല എന്നീ താരങ്ങളാണ് പരിക്കിൽ നിന്നും വിമുക്തരായി തിരിച്ചു വരുന്നത്.
ലിയാൻഡ്രോ പരഡെസ് പരിക്കിൽ നിന്നും മുക്തനായ വിവരം യുവന്റസ് പരിശീലകൻ അല്ലെഗ്രി തന്നെയാണ് സ്ഥിരീകരിച്ചത്. വാരാന്ത്യത്തിൽ നടക്കുന്ന മത്സരത്തിൽ താരം കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും ലോകകപ്പിന് താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയും. ഡിബാല ഇന്നു മുതൽ റോമക്കൊപ്പം പരിശീലനം ആരംഭിക്കുമെന്ന് കൊറേറോ ഡെല്ലോ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
പരിക്കിന്റെ പിടിയിലുണ്ടായിരുന്ന മറ്റൊരു അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ യുവന്റസിനായി കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നു, ക്രിസ്റ്റ്യൻ റൊമേരോയുടെ പരിക്കും ഗുരുതരമല്ലെന്നിരിക്കെ ലൊ സെൽസോ മാത്രമാണ് നിലവിൽ ലോകകപ്പ് നഷ്ടമാകുന്ന പ്രധാന താരം.