മെസിയെ പ്രശംസിച്ചു, ബ്രസീലിയൻ താരത്തിന് ആരാധകരുടെ പൊങ്കാല
ക്രൊയേഷ്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസി നടത്തിയ പ്രകടനം നിരവധി പേരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയതായിരുന്നു. ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തിൽ ഇനിയൊരു തർക്കത്തിന്റെയും ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം ലയണൽ മെസിക്ക് അഭിനന്ദനം നൽകിയതിന്റെ പേരിൽ ആരാധകരുടെ പൊങ്കാല കാരണം ഒരു താരത്തിന് തന്റെ ട്വീറ്റ് മുക്കേണ്ടിയും വന്നു. ബ്രസീലിന്റെ കൗമാരതാരം എൻഡ്രിക്കിനാണ് ഈ സാഹചര്യം നേരിടേണ്ടി വന്നത്.
അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യയെ കീഴടക്കിയതിനു പിന്നാലെയാണ് മെസിയെ എൻഡ്രിക്ക് അഭിനന്ദിച്ചത്. മെസി യുക്തികൾക്കും അതീതനായ താരമാണെന്നാണ് വെറും പതിനാറ് വയസു മാത്രമുള്ള എൻഡ്രിക്ക് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇതിനു പിന്നാലെ റയൽ മാഡ്രിഡ് ആരാധകർ താരത്തിനെതിരെ രൂക്ഷമായ വിമർശനം നടത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് താരം ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
Endrick was forced to delete a tweet praising Leo Messi last night after receiving insults from Real Madrid fans in the comments.
The Brazilian wonderkid is set to join Madrid soon. pic.twitter.com/pml2JdofST
— Football Tweet ⚽ (@Football__Tweet) December 14, 2022
എൻഡ്രിക്ക് റയൽ മാഡ്രിഡുമായി കരാർ ഒപ്പിട്ടുവെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും പല മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം ബാഴ്സലോണയുടെ ഇതിഹാസതാരത്തെ പുകഴ്ത്തിയതിലുള്ള രോഷമാണ് ആരാധകർ കാണിച്ചത്. അതിനു പുറമെ റയൽ മാഡ്രിഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് നായകനായ ക്രൊയേഷ്യയെയാണ് അർജന്റീന തോൽപ്പിച്ചതെന്നതും ആരാധകരുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ടാകാം.
ബ്രസീലിയൻ ഫുട്ബോളിലെ ഭാവി വാഗ്ദാനമായ എൻഡ്രിക്കിനെ അറുപത്തിരണ്ടു മില്യൺ യൂറോക്കാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ താരം ഇപ്പോൾ റയൽ മാഡ്രിഡിനൊപ്പം ചേരില്ല. പതിനെട്ടു വയസ് തികഞ്ഞതിനു ശേഷം, അതായത് 2024ലെ എൻഡ്രിക്ക് റയൽ മാഡ്രിഡിലെത്തൂ.