റെക്കോർഡ് തുകയുടെ ഓഫർ വന്നത് നുണക്കഥ, അഭ്യൂഹങ്ങൾ സത്യമല്ലെന്ന് ഫാബ്രിസിയോ റൊമാനോ
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത് ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന താരമായാണ്. ഒരു സീസണിൽ ഇരുനൂറു മില്യൺ യൂറോയോളമാണ് സ്പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രതിഫലമായി സൗദി ക്ലബ് നൽകുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹം നിരവധി തവണ വെളിപ്പെടുത്തിയ റൊണാൾഡോ സൗദിയിലേക്ക് ചേക്കേറാൻ സമ്മതിച്ചത് ഇത്രയും പ്രതിഫലം ലഭിക്കുന്നതു കൊണ്ടു തന്നെയാണെന്നാണ് കരുതേണ്ടത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിൽ എത്തിയതിനു പിന്നാലെ സൗദിഅറേബ്യയിൽ തന്നെയുള്ള മറ്റൊരു ക്ലബായ അൽ ഹിലാൽ ലയണൽ മെസിക്കു വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. റൊണാൾഡോക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയോളം പ്രതിഫലം ലയണൽ മെസിക്കായി സൗദി ക്ലബ് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. റൊണാൾഡോയെ ടീമിലെത്തിച്ചതു വഴി അൽ നസ്റിന് ആഗോളതലത്തിലുണ്ടായ പ്രശസ്തിയെ മറികടക്കാനാണ് അൽ ഹിലാലിന്റെ ശ്രമമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഈ അഭ്യൂഹങ്ങളിൽ യാഥാർത്ഥ്യമില്ലെന്നാണ് പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത്. മെസിക്കായി ഇതുവരെയും സൗദി അറേബ്യൻ ക്ലബ് യാതൊരു ഓഫറും നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സീസണോടെ കരാർ അവസാനിക്കുന്ന ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ തന്നെ കരാർ പുതുക്കി തുടരാനുള്ള പദ്ധതിയിലാണെന്നും റൊമാനോ പറയുന്നു.
Understand Leo Messi has not received any proposal from Al Hilal, despite links in the last days and weeks. No talks, no discussions. 🚨🇸🇦🇦🇷 #Messi
— Fabrizio Romano (@FabrizioRomano) January 18, 2023
Been told next step for Messi’s future is new meeting with Paris Saint-Germain to extend the contract.
Messi, set to stay at PSG. pic.twitter.com/pxTHBlAE7l
ലോകകപ്പിന് ശേഷം ലയണൽ മെസി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോകകപ്പ് വിജയം നേടിയ ലയണൽ മെസിയെ ഒരു വർഷത്തെ കരാർ കൂടി നൽകി ക്ലബിനൊപ്പം നിലനിർത്താനാണ് പിഎസ്ജി ഒരുങ്ങുന്നത്. നേരത്തെ ബാഴ്സലോണ താരത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിലും വാസ്തവമില്ലെന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞിരുന്നു.