“മെസിയില്ലാത്ത ദിവസം റാമോസിനെ അഴിച്ചു വിട്ടിരിക്കുന്നു “- പിഎസ്ജി താരത്തിനെതിരെ ട്രോളുകളുമായി ആരാധകർ
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി റെയിംസിനോട് സമനില വഴങ്ങിയതിനു പിന്നാലെ പ്രതിരോധതാരം സെർജിയോ റാമോസിനെതിരെ വിമർശനവും ട്രോളുകളുമായി ആരാധകർ. മത്സരത്തിന്റെ നാൽപത്തിയൊന്നാം മിനുട്ടിൽ അനാവശ്യമായി ചുവപ്പുകാർഡ് നേടി സെർജിയോ റാമോസ് പുറത്തായതു കൂടിയാണ് മത്സരത്തിൽ വിജയം നേടാനുള്ള പിഎസ്ജിയുടെ സാധ്യതകളെ ബാധിച്ചത്. പരിക്കിന്റെ ലക്ഷണങ്ങളുള്ള ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ നെയ്മറും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.
മത്സരത്തിനിടെ റഫറിയോട് കയർത്തതിനെ തുടർന്ന് മുപ്പതു സെക്കൻഡിനിടെ രണ്ടു മഞ്ഞക്കാർഡുകളാണ് റാമോസിന് ലഭിച്ചത്. ഇതോടെ കരിയറിൽ ഇരുപത്തിയെട്ടാം ചുവപ്പുകാർഡാണ് റാമോസ് സ്വന്തമാക്കുന്നത്. മത്സരം വിജയിച്ചിരുന്നെങ്കിൽ ഫ്രഞ്ച് ലീഗ് ടേബിളിലെ പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ പിഎസ്ജിക്കുണ്ടായിരുന്ന അവസരം നഷ്ടമായിരുന്നു. ഇതോടെയാണ് താരത്തിനെതിരെ പിഎസ്ജി ആരാധകർ ട്വിറ്ററിൽ വിമർശനവും ട്രോളുകളുമായി രംഗത്തു വന്നത്.
റാമോസിന്റെ ചുവപ്പുകാർഡിനു പിന്നാലെ ‘മെസിയില്ലാത്ത ദിവസം റാമോസ് തുടലഴിഞ്ഞു നടക്കുകയാണ്” എന്നാണു ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്. ഇരുപത്തിയെട്ടാം റെഡ് കാർഡ് കരിയറിൽ നേടിയ റാമോസ് ‘എന്നെ സംബന്ധിച്ച് മികച്ച താരങ്ങളുടെ പട്ടികയിൽ ഇല്ലെന്ന്’ മറ്റൊരു ആരാധകൻ കുറിച്ചു. ‘ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി കരുതുന്നപ്പെടുന്നയാൾ ഇത്രയും റെഡ് കാർഡുകൾ വാങ്ങുന്നത് എങ്ങനെയാണ്, ഇത്ര വലിയ പിഴവുകൾ വരുത്തുന്നത് എങ്ങനെയാണ്’ എന്നും ആരാധകർ ചോദിക്കുന്നു.
No Messi and the dog (Ramos) is let loose off the leash 🟥 pic.twitter.com/Yc5lgbdYDv
— KD(I) ⚈̥̥̥̥̥́⚈̥̥̥̥̥̀𓃵 (@_kaylaughs) October 8, 2022
it’s obscene how many red cards ramos gets for the supposed best CB of all time. how can be the best defender ever and make that many costly errors to get sent off???
— – (@GPv3000) October 8, 2022
റയൽ മാഡ്രിഡിൽ നിന്നും പിഎസ്ജിയിൽ എത്തിയ ആദ്യ സീസണിൽ പരിക്കിന്റെ പ്രശ്നങ്ങൾ മൂലം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ ടീമിലെ സ്ഥിരസാന്നിധ്യമാണ് സ്പാനിഷ് താരം. മോശം ഫോം കാരണം കുറച്ചു കാലമായി സ്പെയിൻ ടീമിലും ഇടം നേടാൻ കഴിയാതിരുന്ന താരം ലോകകപ്പിനു മുൻപ് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പരിചയസമ്പന്നനായ താരത്തിൽ നിന്നുമുണ്ടാകാൻ പാടില്ലാത്ത പിഴവ് റാമോസ് വരുത്തിയതോടെ ലോകകപ്പ് ടീമിലെ സ്ഥാനത്തേയും അതു ബാധിച്ചെക്കും.
Sergio Ramos Red card against Reims Ramos is the Goat 🔥😅 pic.twitter.com/Ghw12arQYY
— Sporty End (@Its_a_Goal_) October 8, 2022
മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ലീഗ് പോയിന്റ് ടേബിളിൽ പിഎസ്ജി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പത്തു മത്സരങ്ങളിൽ നിന്നും 26 പോയിന്റുള്ള അവർ രണ്ടാം സ്ഥാനത്തുള്ള മാഴ്സയേക്കാൾ മൂന്നു പോയിന്റ് മുന്നിലാണ്. ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും സീസണിൽ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ടീമിനായിട്ടുണ്ട്. മാർച്ചിൽ മൊണാക്കോക്കെതിരെ നടന്ന മത്സരത്തിലാണ് പിഎസ്ജി അവസാനമായി തോൽവി വഴങ്ങുന്നത്.